കറുകച്ചാൽ: കറുകച്ചാൽ -വാഴൂർ റോഡിൽ ഇന്നലെ കൂറ്റൻ മരം വീണപ്പോൾ കെഎസ്ആർടിസി ബസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കട്ടപ്പനയിൽ നിന്ന് ചങ്ങനാശേരിക്കു പോയ കെഎസ്ആർടിസി ബസ് കടന്നുപോയ ഉടനെയാണ് റോഡുപുറന്പോക്കിൽ നിന്നിരുന്ന കൂറ്റൻ മരം റോഡിനു കുറുകെ കടപുഴകി വീണത്. ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു.
ഇന്നലെയായിരുന്നു സംഭവം. കറുകച്ചാൽ-വാഴൂർ റോഡിൽ കങ്ങഴയ്ക്കുസമീപം മൈലാടിയിൽ റോഡ് പുറന്പോക്കിൽ നിന്നിരുന്ന കൂറ്റൻ വെള്ളിലവ് മരമാണ് റോഡിനു കുറുകെ കടപുഴകിയത്. അറുപതടിയിലേറെ ഉയരമുള്ള മരത്തിന്റെ ശിഖരങ്ങൾ റോഡിന് എതിർവശത്തുള്ള പുഷ്പമംഗലത്ത് പി.സി. ചെറിയാന്റ വീടിനു മുകളിലേക്കാണ് പതിച്ചത്.
വീടിന്റ മേൽക്കുരയിലെ റൂഫിംഗും മുൻഭാഗത്തെ മതിലും ഭാഗികമായി തകർന്നു. സംഭവ സമയത്ത് തിരക്കേറിയ റോഡിലൂടെ മറ്റ് വാഹനങ്ങൾ ഒന്നും എത്തിതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. നൂറുവർഷത്തിലേറെ പ്രായമുള്ള മരത്തിന്റെ ചവടുഭാഗം ദ്രവിച്ചതായിരുന്നു.
കൂടാതെ മണ്ണ് ഒലിച്ചു പോയി വേര് പൊങ്ങിയ അവസ്ഥയിലായിരുന്നു. അപകടാവസ്ഥയിലായ മരം വെട്ടിമാറ്റണമെന്നാവശ്യപെട്ട് പ്രദേശവാസികൾ നിരവധി തവണ പൊതുമരാമത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിരുന്നില്ല. കങ്ങഴ, മൈലാടി, കാഞ്ഞിരപ്പാറ, മൂലേപ്പീടിക, ഡാണാവുങ്കൽപ്പടി ഭാഗങ്ങളിൽ ഇനിയും നിരവധി കൂറ്റൻ മരങ്ങളാണ് ഇത്തരത്തിൽ കേടുപിടിച്ച് അപകടാവസ്ഥയിൽ നിൽക്കുന്നത്.
ഇത്തരം മരങ്ങൾ വെട്ടിമാറ്റുവാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകടത്തെതുടർന്ന് ചങ്ങനാശേരി-വാഴൂർ റോഡിൽ ഒരു മണിക്കൂറോളം, ഗതാഗതവും വൈദ്യുതി ബന്ധവും തടസപ്പെട്ടു. പാന്പാടിയിൽനിന്നും ഫയർഫോഴ്സ് എത്തി മരം മുറിച്ച ശേഷം ജെസിബി ഉപയോഗിച്ചാണ് റോഡിൽ നിന്നും മാറ്റിയത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ വി.പ്രകാശ്, അജിത്തകുമാർ, ഹരീഷ്ലാൽ, കെ.പി. പ്രവീണ്, ജീവൻ മാത്യു, സന്തോഷ്, അനീഷ് നായർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.