മണ്ണാർക്കാട്: തിരുവിഴാംകുന്ന് കരടിയോട് ആദിവാസി കോളനിയ്ക്കു സമീപം വനത്തിനകത്തെ മരംകൊളള സംബന്ധിച്ച് വിവാദം പുകയുന്നു. തടിയൂരാൻ വനംവകുപ്പ് തീവ്രശ്രമത്തിൽ.
വനംവകുപ്പിന്റെ അനധികൃത ജണ്ട നിർമാണത്തിനെതിരേ പ്രതികരിക്കാൻ അന്പലപ്പാറ ഫോറസ്റ്റ് ഒൗട്ട് പോസ്റ്റിന് മുന്പിൽ കർഷകസംരക്ഷണ സമിതി നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് മരംകൊള്ള പുറത്തറിയുന്നത്.
സമരത്തിൽ പങ്കെടുത്ത മുസ്ലിം ലിഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായൻ തന്റെ ആശംസാ പ്രസംഗത്തിൽ ഇക്കാര്യം സൂചിപ്പിക്കുകയും വനംവകുപ്പിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിൽ വ്യാപകമായി മരം കടത്തിയതായി കണ്ടെത്തി. സമാനമായ രീതിയിൽ അന്പലപ്പാറയിലും തെങ്കരയിലും മരം മുറിച്ച് കടത്തിയതായി വിവരമുണ്ട്.
വനത്തിൽ നിന്ന് മരം മുറിച്ചതിനു പുറമെ രണ്ട് വർഷം മുന്പുണ്ടായ ഉരുൾപൊട്ടലിൽ വനത്തിൽ നിന്നും ഒലിച്ചുവന്ന കൂറ്റൻ കാട്ടുമരങ്ങളും മുറിച്ചു കടത്തിയതായി പരാതിയുണ്ട്.
കരടിയോട് ആദിവാസി കോളനിക്ക് സമീപമുള്ള വനത്തിനകത്തുനിന്നാണ് തേക്ക്, ചടച്ചി, പൂള തുടങ്ങിയ മരങ്ങൾ മുറിച്ചുകടത്തിയിരിക്കുന്നത്.
പതിനഞ്ചോളം തേക്കും പത്തിലധികം ചടച്ചി, പൂള തുടങ്ങിയ കാട്ടുമരങ്ങളും മുറിച്ചു കടത്തിയിട്ടുണ്ട്. മൂന്നിലധികം ലോഡ് മരത്തടികൾ കടത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
വനത്തിൽ നിന്നും ആനയെ ഉപയോഗിച്ചാണ് മരങ്ങൾ വലിച്ച് റോഡിലെത്തിച്ചതെന്നും നാട്ടുകാർ പറയുന്നു.ആറ് മാസങ്ങൾക്ക് മുന്പ് വനംവകുപ്പ് പുതുതായി ജണ്ട സ്ഥാപിച്ച കരടിയോട് ആദിവാസി കോളനിക്ക് സമീപത്തു നിന്നുമാണ് മരം മുറിച്ചു കടത്തിയിട്ടുള്ളത്.
ജണ്ടയിടുന്നതിന് മുന്പ് ഈ വനമേഖല കോളനിക്കാരുടെ അധീനതയിലായിരുന്നു. എന്നാൽ വനാതിർത്തി നിർണ്ണയിച്ച സർവ്വേകല്ലുകൾ മുന്പുതന്നെ ഉണ്ടായിരുന്നു.
കോളനിയിലുള്ളവർക്ക് ഇരട്ടവാരിയിൽ വീട് നിർമ്മാണം തുടങ്ങിയതോടെ പലരും കോളനിയിലേക്ക് എത്താതായതോടെയാണ് സർവ്വേകല്ലുകൾക്ക് സമീപത്ത് വനംവകുപ്പ് ജണ്ട സ്ഥാപിച്ചത്.
സർവ്വേകല്ലിനും പുതുതായി സ്ഥാപിച്ച ജണ്ടകൾക്കുമിടയിലുള്ള സ്ഥലത്തുനിന്നും 13 തേക്ക് മരങ്ങൾ മുറിച്ച കുറ്റികൾ കണ്ടെത്തിയിട്ടുണ്ട്.
വനത്തിൽ നിന്ന് മരം മുറിച്ചതിനു പുറമെ രണ്ട് വർഷം മുന്പുണ്ടായ ഉരുൾപൊട്ടലിൽ വനത്തിൽ നിന്നും ഒലിച്ചുവന്ന കൂറ്റൻ കാട്ടുമരങ്ങളും മുറിച്ചു കടത്തിയതായി പരാതിയുണ്ട്.
ഇക്കാര്യം വനംവകുപ്പിന് പരാതി നൽകിയെങ്കിലും അന്വേഷണമുണ്ടായില്ലെന്നും പരാതി ഉയർന്നു. സൈലന്റ് വാലിയുടെ സംരക്ഷണ വനമേഖല കൂടിയാണ് കരടിയോട് ഭാഗം.
കരടിയോട് ഇത്രേയും വലിയ വനംകൊള്ള നടന്നിട്ടും വനപാലകർ അറിഞ്ഞിട്ടില്ലെന്ന ഭാവത്തിൽ നടിക്കുന്നതാണ് വനംകൊള്ളയിൽ വനപാലകർക്കും പങ്കുണ്ടെന്ന ആക്ഷേപമുയരാൻ കാരണം.
ഇതിനിടെ വിവാദം ശക്തമായതോടെ ഇന്നലെ രാവിലെ ഒന്പതിനെത്തിയ വനപാലക സംഘം ഉച്ചവരെ മേഖലയിൽ പരിശോധന നടത്തി. പുതുതായി ജണ്ട നിർമിച്ച ഭാഗങ്ങളിൽ നിന്ന് മരം മുറിച്ചുകടത്തിയിട്ടുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു.
തേക്ക്, വാക, പൂള തുടങ്ങിയ മരങ്ങളാണ് മുറിച്ചുകടത്തിയിട്ടുള്ളത്. കുറച്ച് മരത്തടികൾ മുറിച്ച ഭാഗത്തു നിന്നും മുന്നൂറു മീറ്റർ അകലെയായി കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ വിശദാംശങ്ങൾ അധികൃതർ ശേഖരിച്ചു. 2020ൽ അതിർത്തി നിർണ്ണയത്തിന്റെ ഭാഗമായി കോഴിക്കോട് ഫോറസ്റ്റ് മിനി സർവ്വേ ടീം സർവ്വേ നടത്തിയാണ് പ്രദേശത്ത് ജണ്ട നിർമിച്ചിട്ടുള്ളത്.
ഈ ജണ്ടയോട് ചാരിയാണ് മരംമുറി നടന്നിട്ടുള്ളത്. പ്രാഥമിക പരിശോധനയിൽ മരം നിൽകുന്നത് ജണ്ടക്ക് പുറത്താണ്. കൂടുതൽ വിശദാംശങ്ങൾക്കായി ഇനിയും പരിശോധനയുണ്ടാവുമെന്നും അധികൃതർ വ്യക്തമാക്കി.
എന്നാൽ തൊട്ടു താഴെ സ്ഥലമുള്ള സ്വകാര്യ വ്യക്തികളെല്ലാം പറയുന്നത് മുറിച്ച മരങ്ങൾ തങ്ങളുടെ സ്ഥലത്തല്ലെന്നാണ്. തങ്ങളുടെ സ്ഥലത്തു നിന്നും ആർക്കും മരങ്ങൾ വിറ്റിട്ടില്ലെന്നും സ്ഥലമുടമകൾ പറയുന്നു.
ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.