മട്ടന്നൂർ: മട്ടന്നൂർ നഗരമധ്യത്തിലെ ഐബി പരിസരത്തെ മരങ്ങൾ കടപുഴകി വീഴുന്നതും ശിഖരങ്ങൾ പൊട്ടി വീഴുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നു. അപകട ഭീഷണിയിലായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഐബി പരിസരത്തെ നിരവധി മരങ്ങളാണ് റോഡിലേക്ക് ചെരിഞ്ഞു കിടക്കുന്നത്. മരങ്ങളുടെ അടിഭാഗം ദ്രവിച്ച് കിടക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുകയാണ്. മൂന്ന് വർഷം മുമ്പ് ഇരിട്ടി റോഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് മുകളിൽ ഐബി പരിസരത്തെ മരം കടപുഴകി വീണ് ഡ്രൈവർ മരിച്ചിരുന്നു.
ഇതിനു പുറമെ കഴിഞ്ഞ വർഷം മരം കടപുഴകി ജീപ്പിന് മുകളിൽ വീണു രണ്ടു പേർക്ക് പരിക്കേൽക്കുകയും ജീപ്പ് തകരുകയും ചെയ്തിരുന്നു.
ഇതിനു പുറമെ നിരവധി മരങ്ങളാണ് കടപുഴകി വീഴുന്നത്. കഴിഞ്ഞ ദിവസം ഐബി കോമ്പൗണ്ടിലെ മരം ഇരിട്ടി റോഡിലേക്ക് വീണിരുന്നുവെങ്കിലും വാഹനങ്ങളും ജനങ്ങളും ഇല്ലാത്ത സമയമായതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. അപകടാവസ്ഥയിൽ കിടക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ പറയുന്നു.