മണ്ണാർക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാത വികസനത്തിനായി മരങ്ങൾ മുറിച്ചുനീക്കി തുടങ്ങി. നാട്ടുകൽ മുതൽ താണാവുവരെയുള്ള വികസനപ്രവർത്തനത്തിനു മുന്നോടിയായാണ് മരങ്ങൾ മുറിക്കുന്നത്. മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് അരിയൂർ മുതൽ വട്ടന്പലം, കുമരംപുത്തൂർ ഭാഗങ്ങളിലെ റോഡരികിൽ നില്ക്കുന്ന മരങ്ങൾ മുറിച്ചുനീക്കുന്നത്.
ആദ്യഘട്ടത്തിൽ നാട്ടുകൽ മുതൽ കൊടക്കാടുവരെയുള്ള മരങ്ങളാണ് മുറിക്കുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ദ്രുതഗതിയിൽ റോഡുവികസനം നടത്തണമെന്ന് അവകാശപ്പെടുന്പോഴും മെല്ലപ്പോക്ക് തുടരുകയാണ്.വനംവകുപ്പ് ആദ്യഘട്ടത്തിൽ റോഡരികിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനു തടസം നിന്നിരുന്നു. ഇതും പ്രവൃത്തികൾക്കു കാലതാമസമുണ്ടാക്കി.
പിന്നീട് എംഎൽഎ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെ തുടർന്നാണ് വീണ്ടും പ്രവൃത്തികൾ തുടങ്ങിയത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ദേശീയപാതയിലൂടെ കടന്നുപോകുന്നത്. തകർന്ന റോഡും കൊടുംവളവുകളും ദേശീയപാതയിലെ ഗതാഗതതടസത്തിനു കാരണമായി. വർഷങ്ങളായുള്ള ഈ സ്ഥിതി തുടരുന്നതിന്റെ ഫലമായാണ് ദേശീയപാത വികസനം തുടങ്ങിയത്.
ഒന്നാംഘട്ടമായി മണ്ണാർക്കാട് മേഖലയിലെ മഴവെള്ളച്ചാലുകളുടെ പണിയാണ് തുടങ്ങിയത്. എന്നാൽ ഇതു പാതിവഴിയിൽ മുടങ്ങി. തുടർന്നു നാട്ടുകൽ ഭാഗത്തേക്ക് ദേശീയപാത വികസനം മാറുകയായിരുന്നു. നഗരത്തിലെ നിർമാണപ്രവൃത്തികൾ പൂർത്തിയാക്കിയതിനു ശേഷമേ മറ്റു പണികൾ ആരംഭിക്കാവൂവെന്ന് പല നിർദേശങ്ങളും വന്നെങ്കിലും ആരും അംഗീകരിക്കാൻ തയാറായില്ല. ഇതേ തുടർന്നാണ് ഈ സ്ഥിതിയുണ്ടായത്.