ആലക്കോട്: പരിസ്ഥിതി ദിനത്തിൽ ആലക്കോട് പുഴയ്ക്ക് ചരമഗീതം രചിച്ച് പുഴയോരത്തെ മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റി. നാടെങ്ങും വൃക്ഷതൈ നട്ടും പരിപാലിച്ചും പരിസ്ഥിതി ദിനം ആഘോഷിക്കുന്പോഴാണ് പുഴയെ കൊല്ലുന്ന രീതി ആലക്കോട് സ്വീകരിച്ചത്.
സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിലാണ് പുഴയോരത്തെ മരങ്ങൾ വ്യാപകമായി മുറിച്ചത്. ആലക്കോട് പാലത്തിനു താഴെയായിട്ടാണ് വ്യാപകമായി മരംമുറിച്ചത്. പുഴയിൽ പല ഭാഗത്തായി മരം മുറിച്ചിട്ട നിലയിലാണ്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരിലൊരാൾ പഞ്ചായത്തിൽ വിളിച്ച് വിവരം പറഞ്ഞപോൾ പഞ്ചായത്ത് അധികൃതർ സംഭവം മുഖവിലക്കെടുത്തില്ലെന്നും നാട്ടുകാർ ആരോപിച്ചു.
പഞ്ചായത്തിൽനിന്നും വന്നുനോക്കാൻ വാഹനമില്ലെന്ന മറുപടിയാണ് ലഭിച്ചത്. പരിസ്ഥിതി ദിനത്തിൽ തന്നെ പരിസ്ഥിതിയെ കൊല്ലുന്ന ഗുരുതരമായ സംഭവമാണ് ആലക്കോട് പുഴയിൽ നടന്നിരിക്കുന്നത്.