മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ-ചിറക്കല്‍പ്പടി റോഡില്‍ മുറിച്ചിട്ട മരങ്ങള്‍ അപകടഭീഷണിയാകുന്നതായി പരാതി. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങളാണ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി റോഡരികില്‍ കിടക്കുന്നത്.
കാഞ്ഞിരത്തുനിന്നും ചിറക്കല്‍പ്പടി വരെയുള്ള ഭാഗങ്ങളിലാണ് മരങ്ങള്‍ കിടക്കുന്നത്. വാഹനതിരക്ക് കാരണം മിക്കപ്പോഴും അപകടങ്ങളും പതിവാണ്. റോഡ് വികസനത്തിനായി മരം മുറിക്കാന്‍ കരാറെടുത്തവര്‍ മരങ്ങള്‍ കൊണ്ടുപോകാത്താണ് പ്രശ്നമായിരിക്കുന്നത്. റോഡിനോടു ചേര്‍ന്നു മരങ്ങള്‍ ഇട്ടതിനാല്‍ ഇരുചക്രവാഹനങ്ങള്‍ക്കും മറ്റും അപകടഭീഷണിയാണ്.
മരങ്ങള്‍ ഉടനേ നീക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും കരാറുകള്‍ ഇതിന് തയാറാകുന്നില്ലത്രേ. റോഡിനോട് ചേര്‍ന്നുള്ള നടപ്പാതയില്‍ മരങ്ങള്‍ ഇട്ടതു കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഇതിനാല്‍ ജനങ്ങള്‍ ടാര്‍ ചെയ്ത റോഡിലൂടെയാണ് നടക്കുന്നത്.
നിരവധി വിദ്യാര്‍ത്ഥികളും മദ്രസ കുട്ടികളും റോഡിലൂടെ നടന്നുപോകുന്നത് അപകടത്തിനു കാരണമാകുകയാണ്. റോഡ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ റോഡ് ഏതാണെന്നുപോലും കൃത്യമായി അറിയാനാകാത്ത സ്ഥിതിയാണ്.
അധികൃതര്‍ ഇടപെട്ട് റോഡിലെ മുറിച്ച മരങ്ങള്‍ മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ചിറക്കല്പ്പടിമുതല് കാഞ്ഞിരപ്പുഴവരെയുള്ള റോഡരികിലെ മരങ്ങള്‍ പൂര്‍ണമായും മാറ്റിയാല്‍ മാത്രമേ ദ്രുതഗതിയിലുള്ള റോഡ് വികസനം സാധ്യമാകൂ.