തുറവൂർ: റെയിൽവെയുടെ വൈദ്യുത ലൈനിൽ മരം വീണതിനെ തുടർന്ന് തകരാറിലായ തീരദേശ പാതയിലെ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. ഇന്നലെ വൈകുന്നേരം നാലോടെ ആഞ്ഞുവീശിയ കാറ്റിൽ പട്ടണക്കാട് കോതകുളങ്ങര റെയിൽവെ ക്രോസിനു സമീപമായിരുന്നു മരം കടപുഴകി റെയിൽവെയുടെ വൈദ്യുത ലൈനിൽ വീണത്.
ഈ സമയം എറണാകുളത്ത് നിന്ന് കായംകുളത്തേയ്ക്കുള്ള പാസഞ്ചർ ട്രെയിൻ തുറവൂർ സ്റ്റേഷൻ വിട്ട് തെക്കോട്ടു നീങ്ങിയിരുന്നു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനെ തുടർന്ന് ട്രെയിൻ കളരിക്കൽ ഭാഗത്ത് നിർത്തിയിട്ടു. നൂറു കണക്കിന് യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നു.
ഇവർ ട്രെയിനിൽ നിന്ന് ഇറങ്ങി നടന്ന് തുറവൂരിലെത്തി ബസിൽ കയറി പോയി. വൈദ്യുത ലൈനിൽ വീണ മരം രാത്രിയോടെ മുറിച്ചുമാറ്റി ട്രെയിൻ ഗതാഗതം പുനസ്ഥാഥാപിച്ചു. ദീർഘദൂര എക്സ്സ്പ്രസ് ട്രെയിൻ ഉൾപ്പെടെയുള്ളവ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടേണ്ടി വന്നു. രാത്രി പത്തോടെയാണ് തീരദേശ പാത വഴിയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്.