ചേർത്തല : ലോക പരിസ്ഥിതി ദിനത്തിൽ സർക്കാർ പുറന്പോക്കിലെ മരങ്ങൾ കൂട്ടത്തോടെ വെട്ടിമാറ്റിയെന്ന് ആക്ഷേപം. പൊതുമേഖലാ സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റിനു പിന്നിലെ പത്തേക്കറിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തെ മരങ്ങളാണു വെട്ടിയത്. ഇരുന്നൂറോളം മരങ്ങളാണു മുറിച്ചത്. മരങ്ങൾ നട്ടുവളർത്താൻ പറയുകയും ഇതിനായി സർക്കാർ കോടികൾ ചെലവഴിക്കുകയും ചെയ്യുന്പോൾ സർക്കാർ സ്ഥാപനം തന്നെ ഇത്തരത്തിൽ മരം മുറിച്ചതു വിവാദമായിട്ടുണ്ട്.
എന്നാൽ സർക്കാർ അനുവാദം നൽകിയിട്ടുള്ള അക്കേഷ്യ ഉൾപ്പെടെയുള്ള പാഴ്മരങ്ങളാണു മുറിക്കുന്നതെന്നാണു വിവരമെന്നും ഇത് ഓട്ടോകാസ്റ്റിന്റെ സ്ഥലം അല്ലെന്നും ഓട്ടോകാസ്റ്റ് മാനേജിങ് ഡയറക്ടർ എസ്.ശ്യാമള പറഞ്ഞു. അനധികൃതമായി മരം മുറിക്കുന്നതായ വിവരം ലഭിച്ചയുടനെ സ്റ്റോപ്പ് മെമ്മോ കൊടുത്തതായും പുറന്പോക്ക് വസ്തുവാണോയെന്നതിന്റെ വ്യക്തതയ്ക്കു വില്ലേജ് ഓഫിസർക്കു കത്ത് നൽകിയതായും മാരാരിക്കുളം വടക്ക് പഞ്ചായത്ത് സെക്രട്ടറി എ.സോണി പറഞ്ഞു.