മാരാമണ്‍: മദ്യഷാപ്പും മദ്യക്കച്ചവടവും ഉള്ളിടത്തോളം കാലം സമൂഹം നന്നാകില്ലെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത. ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന സാമൂഹ്യ തിന്മകള്ക്കെതിരെയുള്ള യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
ദൈവം ലോകത്തെ സൃഷ്ടിച്ചത് മനുഷ്യർക്കു വേണ്ടിയാണ്. മനുഷ്യര്‍ക്ക് ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളാണുണ്ടാകേണ്ടത്. മറ്റ് മനഷ്യരുടെ ആവശ്യം എന്റെ ആവശ്യമായി കാണുന്ന അവസ്ഥയില്‍ സഭാ വിശ്വാസികള്‍ ഉയരണം. നിന്നിലുള്ള ദൈവത്തെ കാണാന്‍ പറ്റുന്നവനേ യഥാർഥ ദൈവത്തെ കാണാന്‍ കഴിയൂ. എല്ലാവര്ക്കും സ്വര്‍ഗത്തില്‍ പോകാനാണാഗ്രഹം. തന്റെ ആഗ്രഹവും അതാണ്.
നടക്കുമോ എന്നറിയില്ല. അതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. നരകം സ്വര്‍ഗമാക്കാനാണ് മനുഷ്യര്‍ ശ്രമിക്കേണ്ടത്. ജീവിതത്തിന്റെ പൂർണതയാണ് സ്വര്‍ഗം. നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്നേഹിക്കണമെന്ന ദൈവ കല്പന മാരാമണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ നടത്താറുണ്ടോയെന്ന് സ്വയം ചിന്തിക്കണമെന്ന് നര്‍മത്തോടെ മെത്രാപ്പോലീത്ത പറഞ്ഞു. എല്ലാവര്ക്കും ജീവിക്കാനുള്ള സാഹചര്യമാണ് ഉണ്ടാകേണ്ടത്.
കെ.ആര്. ഗൗരിയമ്മ മന്ത്രിയായിരുന്ന കാലത്ത് മദ്യവർജന പ്രസ്ഥാനത്തെ സഹായിക്കണമെന്ന് താന്‍ നേരിട്ടുചെന്നു പറഞ്ഞ കാര്യം മെത്രാപ്പോലീത്ത അനുസ്മരിച്ചു. മദ്യവർജന പ്രസ്ഥാനത്തെ തനിക്ക് സഹായിക്കാന്‍ കഴിയില്ലെന്ന് ഗൗരിയമ്മ തുറന്നു പറഞ്ഞു. മദ്യപിക്കുന്നവര്‍ എല്ലാവരും തങ്ങള്‍ക്കാണ് വോട്ടു ചെയ്യുന്നത്. മെത്രാപ്പോലീത്തയുടെ ഈ വാക്കുകള്‍ പന്തലിലാകെ ചിരി പടര്‍ത്തി. ജനങ്ങളില്‍ നിന്നാണ് ഭരണാധികാരികള്‍ പലതും പഠിക്കേണ്ടത്.