മാരാമണ്‍: മാരാമണ്‍ മണൽപ്പുറത്തെ ലോകപ്രസിദ്ധമായ ആത്മീയ സംഗമത്തിന് ഇനി ദിവസങ്ങൾ മാത്രം. മഹാപ്രളയത്തിനുശേഷമുള്ള ആദ്യ കണ്‍വൻഷനുവേണ്ടിയുള്ള ക്രമീകരണം ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായെന്ന് സംഘാടകർ.ഒരു ലക്ഷം പേർക്കിരിക്കാവുന്ന പന്തലാണ് പന്പാ മണൽപ്പുറത്ത് സജ്ജമാകുന്നത്. പാരന്പര്യങ്ങൾ കൈമോശം വരാത്ത കണ്‍വൻഷനിൽ പന്തലൊരുങ്ങുന്നതും പഴമയിൽ തന്നെയാണ്.
നാട്ടിൽ ഓല കിട്ടാതായപ്പോൾ പന്തലിനുവേണ്ടി ഓല എത്തുന്നത് തമിഴ്നാട്ടിൽ നിന്ന്. ഇത്തവണ പൊള്ളാച്ചിയിൽ നിന്നാണ് ഓല എത്തിച്ചത്. പന്തലിനാവശ്യമാ മറ്റു ക്രമീകരണങ്ങളും ഓലമേയലും സമീപ മാർത്തോമ്മാ ഇടവകകൾ ചെയ്തു. ഇന്ന് ഓലമേയൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
10നാണ് മാരാമണ്‍ കണ്വൻഷൻ ആരംഭിക്കുന്നതെങ്കിലും ഇത്തവണ ഒന്‍പതിന് ലോക മാർത്തോമ്മാ വനിതാ സംഗമം സേവികാസംഘം ശതാബ്ദിയുടെ ഭാഗമായി മണൽപ്പുറത്ത് നടക്കുന്നതിനാൽ ക്രമീകരണങ്ങൾ ഒരു ദിവസവം നേരത്തെ പൂർത്തീകരിക്കേണ്ടതുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിലെ മഹാപ്രളയം മാരാമണ്‍ മണൽപ്പുറത്തെയും ആകെ തകർത്തിരുന്നു. പന്പാനദി കരകവിഞ്ഞ് കുത്തിയൊഴുകിയെത്തിയ മണൽ മാത്രമാണ് ഏക ആശ്വാസം. മണൽപ്പുറം എന്നത്് കഴിഞ്ഞവർഷംവരെ പേരു മാത്രമായിരുന്നു. ഇത്തവണ മണൽ അധികമായി വന്നടിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം മണ്ണും ചെളിയുമെല്ലാം ധാരാളമെത്തി.
തീരത്തിന്റെ ഒരു ഭാഗം നിറയെ ക്രഷർ യൂണിറ്റിലെ പൊടിക്കു സമാനമായവ കെട്ടിക്കിടക്കുന്നു. സ്റ്റേജ് വശത്തു വൻ ഗർത്തം തന്നെ രൂപപ്പെട്ടിരുന്നു. നാല് ജെസിബി രണ്ടാഴ്ച പണിപ്പെട്ടാണ് മണൽപ്പുറം നിരപ്പാക്കിയതെന്ന് സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ.ജോർജ് ഏബ്രഹാം പറഞ്ഞു.
മണൽപ്പുറത്തേക്കുള്ള വഴികളിൽ ചെളി നിറഞ്ഞു പൊടി നിറഞ്ഞിരിക്കുകയാണ്. പൊടിശല്യം ഇത്തവണ അതിരൂക്ഷമാകാൻ സാധ്യതയുണ്ട്. മണൽപ്പുറം സംരക്ഷിക്കാനും മാലിന്യങ്ങൾ പന്പാനദിയിൽ എത്തുന്നതു തടയാനുമുള്ള മുന്നൊരുക്കങ്ങളോടെയാണ് കണ്വൻഷൻ ക്രമീകരണമെന്നും സംഘാടകർ പറഞ്ഞു.