കോഴഞ്ചേരി: മാരാമൺ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ മൂന്ന് യുവാക്കൾ പന്പാനദിയിൽ അപകടത്തിൽപ്പെട്ടതറിഞ്ഞതോടെ രക്ഷാപ്രവർത്തനത്തിനായി തടിച്ചുകൂടിയത് വൻജനാവലി.
കൺവൻഷൻ നഗറിനെ തന്നെ ദുഃഖത്തിലാഴ്ത്തി അപകടവാർത്ത എത്തിയത് വൈകുന്നേരമാണ്.
കൺവൻഷനിലെ യുവവേദി യോഗത്തിൽ പങ്കെടുക്കുന്നതിനായി മാവേലിക്കര ചെട്ടികുളങ്ങരയിൽ നിന്നെത്തിയ രണ്ടു സഹോദരൻമാരാണ് മുങ്ങിമരിച്ചത്.
ഇവരോടൊപ്പം ഒഴുക്കിൽപ്പെട്ട സുഹൃത്തിനുവേണ്ടി തെരച്ചിൽ തുടരുകയുമാണ്.
മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം മെറി നിവാസിൽ അനിയൻകുഞ്ഞിന്റെ മക്കളായ മെറിൻ (18), സഹോദരൻ മെഫിൻ (15) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇവരോടൊപ്പമുണ്ടായിരുന്ന ചെട്ടികുളങ്ങര തോണ്ടപ്പുറത്ത് രാജുവിന്റെ മകൻ എബിനെയാണ് (24) കണ്ടെത്താനുള്ളത്.
ഇന്നലെ വൈകുന്നേരം 5.30ഓടെ മാരാമൺ കൺവൻഷൻ നഗറിനു താഴെ ആറന്മുള പരപ്പുഴ കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
ഏറെ നേരത്തെ തെരച്ചിലിനുശേഷം രണ്ടു പേരുടെ മൃതദേഹങ്ങൾ നിക്ഷേപമാലിക്കടവിനു സമീപത്തു നിന്നു കണ്ടെടുത്തു.
യുവവേദി യോഗത്തിൽ പങ്കെടുക്കാൻ ചെട്ടികുളങ്ങരയിൽ നിന്നുള്ളസംഘം ബൈക്ക് റാലിയായാണ് മാരാമണ്ണിൽ എത്തിയതെന്ന് പറയുന്നു.
രക്ഷാപ്രവർത്തനത്തിന് ഫയർഫോഴ്സും പോലീസും
അപകട വിവരം അറിഞ്ഞ ഉടൻതന്നെ മാരാമണ്ണിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫയർഫോഴ്സും പോലീസും രക്ഷാപ്രവർത്തനത്തിനായി മാരാമണ്ണിലേക്കെത്തിയത്.
ചെട്ടികുളങ്ങരയിൽ നിന്നെത്തിയ എട്ടംഗസംഘത്തിലെ അഞ്ചുപേരാണ് കുളിക്കാനിറങ്ങിയത്. ഇവരിൽ മെറിനാണ് ആദ്യം ഒഴുക്കിൽപ്പെട്ടത്. മെറിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മെഫിനും പിന്നാലെ എബിനും ഒഴുക്കിൽപ്പെട്ടു.
ഫയർഫോഴ്സിന്റെ സ്കൂബ ഡൈവേഴ്സ് സംഘം അടക്കം രക്ഷാപ്രവർത്തനത്തിനിറങ്ങി. ഒരു മണിക്കൂറിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ നിക്ഷേപമാലിക്കടവിനു സമീപത്തു നിന്നു കണ്ടെടുത്തു.
കൺവൻഷൻ നഗറിലുണ്ടായിരുന്ന വൈദികരടക്കം വലിയ ജനസമൂഹം പന്പാതീരത്തേക്ക് വളരെവേഗം എത്തി രക്ഷാപ്രവർത്തകരെ സഹായിച്ചു.
മുൻ എംഎൽഎമാരായ രാജു ഏബ്രഹാം, എ. പത്മകുമാർ, കെഎസ്ഐസിഎ ചെയർമാൻ പീലിപ്പോസ് തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, കൺവൻഷൻ സംഘാടകർ, യുവജനസഖ്യം ഭാരവാഹികൾ എന്നിവരെല്ലാം സ്ഥലത്തെത്തി.
അപകടം നിറഞ്ഞ സ്ഥലം
മാരാമൺ കൺവൻഷൻ നഗറിനു താഴെ ഭാഗത്തായി ആറന്മുള വള്ളംകളിയുടെ സ്റ്റാർട്ടിംഗ് പോയിന്റു കൂടിയായ പരപ്പുഴ കടവിലാണ് അപകടമുണ്ടായത്. പന്പാനദിയിൽ ആഴമുള്ള ഭാഗമാണിത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ മണൽമാറി ചെളി നിറഞ്ഞു കിടക്കുന്ന ഭാഗത്ത് നീന്തൽ വശമുള്ളവർ പോലും ഒഴുക്കിൽപെട്ടാൽ രക്ഷപ്പെടൽ പ്രയാസമാണ്.
യുവാക്കൾ കുളിക്കാനിറങ്ങുന്നത് അധികം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. കൺവൻഷൻ നഗറിന്റെ താഴെ ഭാഗമായതിനാൽ സംഘാടകരുടെ ശ്രദ്ധയുമുണ്ടായില്ല.
മുന്പ് ഈ ഭാഗങ്ങളിൽ കുളിക്കടവുകളുണ്ടായിരുന്നെങ്കിലും ഇപ്പോൾ നദിയുടെ ഗതി മാറിയതോടെ അധികം ആരും ഇറങ്ങാറില്ല.
മുന്നറിയിപ്പുകൾ നൽകിയിരുന്നെന്ന് ഫയർഫോഴ്സ്
പന്പാനദിയുടെ ഗതി മാറിയതോടെ വെള്ളത്തിലേക്ക് ആരും ഇറങ്ങരുതെന്ന നിർദേശം മാരാമൺ കൺവൻഷൻ നഗറിൽ നിരന്തരം നൽകിയിരുന്നതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
കൺവൻഷൻ നഗറിലെത്തുന്നവരിൽ ചിലർ നദിയിൽ ഇറങ്ങിനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ സെൽഫി എടുക്കാൻ ശ്രമിച്ചത് വിലക്കിയിരുന്നു.
ഇത് കൺവൻഷൻ വേദിയിൽ നിന്ന് മുന്നറിയിപ്പായി നൽകുകയും ചെയ്തു. പന്പാനദിയിൽ ഒഴുക്ക് കുറവാണെന്നു തോന്നുമെങ്കിലും ഏറിയ ഭാഗവും ചെളി നിറഞ്ഞു കിടക്കുന്നതിനാൽ അപകട സാധ്യത ഏറെയാണ്.
മുൻപരിചയമില്ലാത്തവർ നദിയിൽ ഇറങ്ങിയാൽ അപകടത്തിൽപെടാനുള്ള സാധ്യതയും ഏറെയാണ്.