പത്തനംതിട്ട: മാരാമൺ കൺവൻഷൻ നഗറിനു സമീപം പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത് സഹോദരങ്ങൾ.
മാവേലിക്കര ചെട്ടിക്കുളങ്ങര കണ്ണമംഗലം മെറി നിവാസിൽ അനിയൻ കുഞ്ഞിന്റെ മക്കളായ മെറിന് (18) സഹോദരന് മെഫിന്‍ (15) എന്നിവരാണ് മരിച്ചത്.
ഇവർക്കൊപ്പമുണ്ടായിരുന്ന ചെട്ടിക്കുളങ്ങര തോണ്ടപ്പുറത്ത് രാജുവിന്റെ മകൻ എബിനായാണ് (24) കാണാതായത്.
കൺവൻഷനിലെ യുവവേദി യോഗത്തിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു ഇവർ. വൈകുന്നേരം 5.30ഓടെ മാരാമൺ കൺവൻഷൻ നഗറിനു താഴെ ആറന്മുള പരപ്പുഴ കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
ഏറെ നേരത്തെ തെരച്ചിലിനുശേഷം രണ്ടു പേരുടെ മൃതദേഹങ്ങൾ നിക്ഷേപമാലിക്കടവിനു സമീപത്തു നിന്നു കണ്ടെടുത്തു.
യുവവേദി യോഗത്തിൽ പങ്കെടുക്കാൻ ചെട്ടികുളങ്ങരയിൽ നിന്നുള്ളസംഘം ബൈക്ക് റാലിയായാണ് മാരാമണ്ണിൽ എത്തിയതെന്ന് പറയുന്നു.
ചെട്ടികുളങ്ങരയിൽ നിന്നെത്തിയ എട്ടംഗസംഘത്തിലെ അഞ്ചുപേരാണ് കുളിക്കാനിറങ്ങിയത്. ഇവരിൽ മെറിനാണ് ആദ്യം ഒഴുക്കിൽപ്പെട്ടത്.
മെറിനെ രക്ഷപ്പെ ടുത്താനുള്ള ശ്രമത്തിനിടെ മെഫിനും പിന്നാലെ എബിനും ഒഴുക്കിൽപ്പെട്ടു.
മാരാമൺ കൺവൻഷൻ നഗറിനു താഴെ ഭാഗത്തായി ആറന്മുള വള്ളംകളിയുടെ സ്റ്റാർട്ടിംഗ് പോയിന്റു കൂടിയായ പരപ്പുഴ കടവിലാണ് അപകടമുണ്ടായത്.
പമ്പാനദിയിൽ ആഴമുള്ള ഭാഗമാണിത്. ഇപ്പോഴത്തെ സാഹചര്യത്തിൽ മണൽമാറി ചെളി നിറഞ്ഞു കിടക്കുന്ന ഭാഗത്ത് നീന്തൽ വശമുള്ളവർ പോലും ഒഴുക്കി ൽപെട്ടാൽ രക്ഷപ്പെടൽ പ്രയാസമാണ്.
യുവാക്കൾ കുളിക്കാനിറങ്ങുന്നത് അധികം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. കൺവൻഷൻ നഗറിന്റെ താഴെ ഭാഗമായതിനാൽ സംഘാടകരുടെ ശ്രദ്ധയുമുണ്ടായില്ല.
മുൻപ് ഈ ഭാഗങ്ങളിൽ കുളിക്കടവുകളുണ്ടായിരുന്നെങ്കിലും ഇപ്പോൾ നദിയുടെ ഗതി മാറിയതോടെ അധികം ആരും ഇറങ്ങാറില്ല.