പുതുക്കാട്: ചിമ്മിനി ഡാമിൽ നിന്ന് ഏഴര കിലോമീറ്റർ മാറി ഉൾക്കാടുകളിൽ വൻ ചുരുളി മരങ്ങൾ മുറിച്ചിട്ട് തൊലി കടത്തുന്നു.സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള ഉൾപ്രദേശങ്ങളായ പായന്പാറ, ആനപ്പോര് എന്നിവിടങ്ങളിലാണ് ചുരുളി മരങ്ങൾ മുറിച്ചിട്ട നിലയിൽ കാണപ്പെട്ടത്.
അന്പത് വർഷത്തിലേറെ പ്രായമുള്ള നൂറു മീറ്ററിലധികം ഉയരമുള്ള മരങ്ങളാണ് യന്ത്രവാളുപയോഗിച്ച് മുറിച്ചിരിക്കുന്നത്. മരങ്ങളിൽ നിന്ന് തൊലി പൂർണമായും നീക്കം ചെയ്ത നിലയിലാണ്.ചിമ്മിനി ഡാമിന്റ വൃഷ്ടി പ്രദേശത്ത് വനംകൊള്ളക്കാർ തന്പടിച്ചിട്ടാണ് മരം മുറിച്ച് കടത്തുന്നത്.
രണ്ട് മാസത്തിലേറെയായി ഇവിടെ വനംകൊള്ള നടക്കുന്നുണ്ടെന്നാണ് രഹസ്യവിവരം.വനം വകുപ്പ് അധികൃതരുടെ പരിശോധന കേന്ദ്രങ്ങളിൽപ്പെടുന്ന പ്രദേശത്ത് വ്യാപകമായി വനംകൊള്ള നടന്നിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
മരുന്നു നിർമാണത്തിന് ഉപയോഗിക്കുന്ന ചുരുളിമരത്തിന്റെ തൊലിക്ക് കിലോഗ്രാമിന് 250 രൂപയിലേറെയാണ് വില.എന്നാൽ ഇതിനേക്കാൾ വിലവരുന്ന നീർമരുതാണെന്ന് തെറ്റിധരിപ്പിച്ച് മാർക്കറ്റിലെത്തിക്കാനാണ് ചുരുളിയുടെ തൊലി പ്രധാനമായും ഉപയോഗിക്കുന്നത്. കിലോഗ്രാമിന് 500 രൂപയിലേറെയാണ് നീർമരുതിന്റെ വില.