ബംഗളൂരു: കർണാടകയിൽ ചാമരാജനഗറിലെ സുലവാഡിയിൽ മാരമ്മ ക്ഷേത്രത്തിലെ പ്രസാദത്തിൽ വിഷം കലർത്താൻ മഠാധിപതിയെ സഹായിച്ചത് ക്ഷേത്ര സെക്രട്ടറിയും അടുപ്പക്കാരിയുമായ അംബികയെന്ന് പോലീസ്. ഇവരാണ് വിഷം വാങ്ങിയതും പ്രസാദത്തിൽ ഭർത്താവിനെയും സുഹൃത്തിനെയും ഉപയോഗിച്ച് അവ കലർത്തിയതും.
പ്രസാദത്തിൽ നിന്ന് ദുർഗന്ധം വന്നതിനെത്തുടർന്ന് പാചകക്കാരൻസംശയം പ്രകടിപ്പിച്ചെങ്കിലും കർപ്പൂരം ചേർത്തതാണെന്ന് പറഞ്ഞ് ഇവർ വിശ്വസിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രധാന പ്രതിയായ മഹദേശ്വരമല സാലുരു മഠാധിപതി ഇമ്മാഡി മഹാദേവസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2017 വരെ ക്ഷേത്രത്തിലെ ഭരണകാര്യങ്ങളിൽ ഇയാൾ ആയിരുന്നു പ്രധാനി. എന്നാൽ ചില സാന്പത്തിക ക്രമക്കേടുകളെത്തുടർന്ന് ഭരണകാര്യങ്ങളിൽ നിന്ന് മഠാധിപതി ഇമ്മാഡി മഹാദേവസ്വാമിയെ മാറ്റി നിർത്തിയിരുന്നു. ഇതിനെത്തുടർന്നാണ് ഇയാൾ പ്രസാദത്തിൽ വിഷം കലർത്താൻ തീരുമാനിച്ചത്.
വൻ വരുമാനമുള്ള ക്ഷേത്രമാണ് ചാമരാജ്നഗർ ജില്ലയിലെ സുലവാഡിയിൽ സ്ഥിതി ചെയ്യുന്ന കിച്ചുട്ടി മാരമ്മ ക്ഷേത്രം. സ്വാമിയും സ്ത്രീയും ഉൾപ്പെടെ അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ക്ഷേത്ര സെക്രട്ടറി അംബിക, ക്ഷേത്ര മാനേജർ മാധേശ, ട്രസ്റ്റ് അംഗം ചിന്നപ്പി എന്നിവരും കേസിൽ പ്രതികളാണ്.
11 പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.ക്ഷേത്ര ഗോപുരത്തിന്റെ ശിലാന്യാസത്തിനുശേഷം നടന്ന പ്രസാദം ഊട്ടിന് 120 പേർ എത്തിയിരുന്നു. പ്രസാദം കഴിച്ചയുടൻ ഒൻപതുപേർ മരിച്ചു. നാലു ദിവത്തിനുള്ളിൽ ചികിത്സയിലിരുന്ന ആറുപേർകൂടി മരിച്ചു. 27 പേർ അപകടനില തരണം ചെയ്തിട്ടില്ല. പരിശോധനയിൽ പ്രസാദത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു.