വൈക്കം: മരം മുറിക്കുന്നതിനിടയിൽ മരം വെട്ടുകാരന്റെ ഇടതു കൈക്കുഴ തെറ്റി. കടുത്തവേദനയോടെ 60 അടി ഉയരമുള്ള മരത്തിന്റെ ശിഖരത്തിലിരുന്ന മരംവെട്ടുകാരനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു.
വൈക്കം ചാലപ്പറന്പ് എളമശേരിയിൽ സജീവ (54) നെയാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ 11.15 വൈക്കം കവരപാടിനടയിൽ കുറുവേലി മഠത്തിൽ അനന്തശങ്കരന്റെ വീട്ടിലെ മാവിൽ ശിഖരങ്ങൾ വെട്ടുന്നതിനായി കയറിയപ്പോഴാണ് സജീവന്റെ ഇടതു കൈക്കുഴ ഇടറിയത്.
വിവരമറിഞ്ഞ ഉടൻ സംഭവസ്ഥലത്ത് പാഞ്ഞെത്തിയ വൈക്കം ഫയർസ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് അരമണിക്കുറിനകം സജീവനെ താഴെയിറക്കി.