ഷൊർണൂർ: ഷൊർണൂരിൽ വൻ മരങ്ങൾക്കുമേൽ പൊതുമരാമത്തുവകുപ്പിന്റെ കോടാലികൈ. റോഡരികിൽ തലയുയർത്തി നിൽക്കുന്ന വൻ മരങ്ങളാണ് അപകടഭീഷണി എന്ന മറവിന്റെ പിൻബലം നിരത്തി പൊതുമരാമത്ത് വെട്ടിമാറ്റുന്നത്. ചില ലേലക്കാരും പൊതുമരാമത്തു വകുപ്പധികൃതരും തമ്മിലുള്ളരഹസ്യധാരണകളും മരങ്ങൾ മുറിച്ചുമാറ്റാൻ കാരണമാവുന്നുണ്ടെന്ന് ആരോപണമുയർന്നു.
റോഡരികുകളിൽ ഉള്ള മരങ്ങൾ ലേലമെന്ന പ്രഹസനത്തിന്റെ മറവിൽ ചുളുവിലക്ക് വാങ്ങിക്കുന്ന സംഘങ്ങൾ വ്യാപകമായി പ്രവർത്തിക്കുന്നുണ്ട്. ഇവരും ഉദ്യോഗസ്ഥൻമാരും തമ്മിൽ രഹസ്യധാരണയുണ്ടാക്കിയാണ് പലപ്പോഴും വൻമരങ്ങൾക്കുനേരെ കോടാലികൈ ഉയർത്തുന്നത്. ചുളുവിലക്കാണ് ഇവർ ഇതുവാങ്ങിക്കുന്നത്.
അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന്റെ മറവിൽ പാതകൾക്കരികിൽ തണലൊരുക്കി പടർന്നു പന്തലിച്ച് നിൽക്കുന്ന ഒരു പ്രശ്നവുമില്ലാത്ത മരങ്ങളും വെട്ടിമാറ്റുന്നുണ്ട്. ഷൊർണൂരിൽ ഇത്തരത്തിൽ നാല് മരങ്ങൾക്ക് മുറിച്ചുമാറ്റി. കുളപ്പുള്ളി മുതൽ ഷൊർണൂർവരെയുള്ള റോഡരികിലെ ഒരു കുഴപ്പവുമില്ലാത്ത മരങ്ങളാണ് അധികൃതർ മുറിച്ചുമാറ്റിയതെന്നാണ് നാട്ടുകാരുടെ പരാതി.
മാവ് മരങ്ങളാണ് ഇതിൽ അധികവും. മെറ്റൽ ഇൻഡസ്ട്രീസ്, പ്രസ് ക്വാർട്ടേഴ്സ്, നഗരസഭാ മന്ദിരത്തിന് മുൻവശം എന്നിവിടങ്ങളിലെ മരങ്ങളാണ് മുറിച്ചത്. ഭീഷണി ഉയർത്തുന്നതും പരാതി ഉള്ളതുമായ മരങ്ങളാണ് മുറിക്കേണ്ടത്. എന്നാൽ ഇവിടെ ഇതൊന്നുമില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പൊതുതാൽപ്പര്യമെന്ന മേലങ്കി അണിഞ്ഞ് ലേലക്കാരായെത്തുന്നവരെകൊണ്് പരാതികൾ അധികൃതർ എഴുതി വാങ്ങുകയാണ് പതിവെന്ന് വിമർശനം. വർഷകാലത്ത് നന്നായി കത്തുന്ന മരമാണ് മാവ്. <
ഇതുതന്നെയാണ് ഇവയ്ക്കുനേരെ കോടാലി ഉയരാൻ കാരണമെന്ന വിമർശനവുമുണ്ട്. പൊതുമരാമത്ത് അസി. എൻജിനീയറുടെ അധികാരപ്രകാരമാണ് മരങ്ങൾ മുറിക്കുന്നത്. മുന്പ് ഫോറസ്റ്റ് അധികൃതരുടെ സമ്മതപത്രം ആവശ്യമായിരുന്നു. എന്നാൽ ഇപ്പോഴതിന്റെ ആവശ്യമില്ല.
അതേസമയം ഭീഷണി ഉയർത്തുന്നതും പരാതി ഉള്ളതുമായ മരങ്ങൾ മാത്രമാണ് മുറിച്ചതെന്നും ഇതിന് അസി. എൻജിനീയർമാർക്ക് അധികാരം നൽകിയിട്ടുണ്ടെന്നും മതിയായ പരിശോധനകൾക്ക് ശേഷമാണ് മരങ്ങൾ മുറിച്ചതെന്നും പൊതുമരാമത്ത് അധികൃതർ വ്യക്തമാക്കി. മരങ്ങൾ കടപുഴകി വീണും മരകൊന്പ് പൊട്ടിവീണും അപകടങ്ങളുണ്ടാകുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നതിനാലുമാണ് മരങ്ങൾമുറിച്ചുമാറ്റുന്നതെന്നും ഇവർ പറയുന്നു.