തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് നയിക്കും. മരംമുറിയില്‍ ഗൂഢാലോചനയുള്ളതായും വിശദമായ അന്വേഷണം വേണമെന്നും ഇതുസംബന്ധിച്ചുള്ള ഉത്തരവിൽ സര്‍ക്കാര്‍ പറയുന്നു.
വനം വകുപ്പിലെയും വിജിലൻസിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിക്കും. അന്വേഷണത്തിന്റെ ഏകോപനമാണ് ശ്രീജിത്ത് നടത്തുക. മരംമുറി നടന്ന മുട്ടിലിൽ ശ്രീജിത്ത് ഉടന്‍ സന്ദര്‍ശനം നടത്തുമെന്നാണ് അറിയുന്നത്.
സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അതേസമയം മരംമുറി അന്വേഷണ സംഘത്തിലെ മികച്ച ഉദ്യോഗസ്ഥനെ മാറ്റിയ ഉദ്യോഗസ്ഥർക്ക് താക്കീതുമായി വനംമന്ത്രി എ.കെ ശശീന്ദ്രൻ രംഗത്തെത്തി.
തെറ്റായ കാര്യങ്ങൾ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. സംഘത്തിലെ മാറ്റം അറിഞ്ഞപ്പോൾ തന്നെ തിരുത്തിയെന്നും മരംമുറി കേസിലെ സാന്പത്തിക വശങ്ങൾ കൂടി അന്വേഷണ പരിധിയിൽ വരുമെന്നും മന്ത്രി പറഞ്ഞു.