പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിൽ കുറ്റ്യാടി ജലസേചന പദ്ധതിക്ക് മുതുകാട്ടിൽ ഏറ്റെടുത്ത കൃഷിഭൂമിക്ക് പകരമായി 52-ഓളം പേർക്ക് 1970 ൽ സർക്കാർ നൽകിയ ഭൂമിയിൽനിന്നു മരംമുറിക്കുന്നതിനു അനുമതി നൽകാൻ ഇന്നലെ ചേർന്ന പഞ്ചായത്ത് ജനജാഗ്രത സമിതി യോഗം തീരുമാനിച്ചു. അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിയോജനക്കുറിപ്പോടെയാണിത്. കർഷക പ്രശ്നം സംബന്ധിച്ച് രാഷ്ട്രദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് നല്കിയിരുന്നു.
സ്വയരക്ഷയ്ക്കായി പന്നിയെ കൊന്ന മുതുകാട്ടിലെ കർഷകൻ ജയിംസ് കൊമ്മറ്റത്തിന് എതിരെ കേസെടുത്ത വനം വകുപ്പ് നടപടിയിലും യോഗം പ്രതിഷേധിച്ചു. വനാതിർത്തിയോട് ചേർന്ന മേഖലയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് വനം വകുപ്പ് ഒരു ലക്ഷം രൂപ പഞ്ചായത്തിന് നൽകും.
വനാതിർത്തിയിൽ സൗരോർജ വേലി പൂർണമായും പ്രവർത്തനക്ഷമമാക്കും. വനം വകുപ്പ് നിയമിച്ച വാച്ചർമാരുടെ പ്രവർത്തനം വിലയിരുത്താനുള്ള യോഗം അഞ്ചിന് രാവിലെ 10ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫിസിൽ ചേരും. വന്യ മൃഗ ശല്യം പരിഹരിക്കുന്നതിന് ത്രിതല പഞ്ചായത്ത്, വനം വകുപ്പ്, പ്ലാന്റേഷൻ കോർപറേഷൻ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ജില്ലാതല യോഗം വിളിച്ചു ചേർക്കുന്നതിനു ഡിഎഫ്ഒ യോട് യോഗം നിർദേശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.സുനിൽ, മെംബർമാരായ സുഭാഷ് തോമസ്, ലൈസ ജോർജ്, ഷീന റോബിൻ, ടി.ഡി. ഷൈല, ബിജു കുന്നംകണ്ടി, ജയേഷ് മുതുകാട്, പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ടി. റഹീസ്, കർഷക നേതാക്കളായ വിനീത് പരുത്തിപ്പാറ, ജോർജ് കുബ്ലാനി,ജോസ് കാരിവേലിൽ, ബോബൻ വെട്ടിക്കൽ,വിഎസ്എസ് പ്രതിനിധി കെ.പി. കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു.