കോഴഞ്ചേരി: 125-ാമത് മാരാമൺ കൺവൻഷന് നാളെ പന്പാ മണൽപ്പുറത്തു തുടക്കമാകും.. കണ്‍വന്‍ഷന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത നിർവഹിക്കും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും.
1895 ൽ ആരംഭിച്ച മാരാമണ്‍ കൺവൻഷന്റെ ശതോത്തര രജതജൂബിലി വർഷമാണിത്. മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ ബിഷപ് ഡിനോ ഗബ്രിയേല്‍ (സൗത്ത് ആഫ്രിക്ക), റവ. ഡോ. മോണോ ദീപ് ദാനിയേല്‍ (ഡല്‍ഹി), റവ. ഡോ. ജോണ്‍ ശാമുവേല്‍ (ചെന്നൈ) എന്നിവരാണ് മുഖ്യ പ്രഭാഷകര്‍. ഓസ്ട്രേലിയയിലെ വനിതാ ബിഷപ് കെയ് മാരി ഗോഡ്സ് വര്‍ത്തിയും കൺവൻഷനിൽ പ്രസംഗിക്കും.
16നാണ് കൺവൻഷൻ സമാപിക്കുന്നത്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 നും ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം അഞ്ചിനും നടക്കുന്ന പൊതുയോഗങ്ങള്ക്കുപുറമെ രാവിലെ 7.30 മുതല്‍ 8.30 വരെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകമായിട്ടുളള ബൈബിള്‍ ക്ലാസുകളും കുട്ടികളുടെ പ്രത്യേക യോഗവും നടക്കും.
12 ന് രാവിലെ 10 ന് നടക്കുന്ന എക്യൂമെനിക്കല്‍ സമ്മേളനത്തില്‍ വിവിധ സഭകളുടെ മേലധ്യക്ഷന്മാര് പങ്കെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് സാമൂഹ്യ തിന്മകള്ക്കെതിരെയുള്ള ബോധവത്കരണ സമ്മേളനമാണ് നടത്തുന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സുവിശേഷ സംഘത്തിന്റെയും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സേവികാ സംഘത്തിന്റെയും പ്രത്യേക യോഗങ്ങളാണ് നടക്കുന്നത്.
ശനിയാഴ്ച രാവിലത്തെ യോഗം കണ്‍വന്‍ഷന്റെ ശതോത്തര രജത ജൂബിലി സമാപന സമ്മേളനമായും ഉച്ചകഴിഞ്ഞുള്ള യോഗം സുവിശേഷ പ്രസംഗ സംഘത്തിന്റെ മിഷനറി യോഗവുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. മാര്‍ത്തോമ്മ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് കണ്വന്ഷന് ക്രമീകരിക്കുന്നത്.
കൺവൻഷനുവേണ്ടി ഒരുലക്ഷം പേർക്കിരിക്കാവുന്ന ഓലപന്തലിന്റെ നിർമാണം മണൽപ്പുറത്ത് പൂർത്തിയായി. മാർത്തോമ്മാ സഭയിലെ വിവിധ ഇടവകകളുടെ ചുമതലയിലാണ് പന്തൽ നിർമാണം നടത്തിയത്. മാരാമൺ കരയിൽ നിന്ന് പന്പാനദിക്കു കുറുകെ മൂന്ന് താത്കാലിക പാലങ്ങളും മണൽപ്പുറത്തേക്ക് പൂർത്തിയായിട്ടുണ്ട്.
കൺവൻഷൻ ക്രമീകരണങ്ങൾക്കു വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിലും ക്രമീകരണങ്ങളും പൂർത്തിയായി. കെഎസ്ആർടിസി സ്പെഷൽ സർവീസുകളും നാളെ മുതൽ മാരാമണ്ണിലേക്ക് ഉണ്ടാകും.