പേരൂര്‍ക്കട: ഡിപ്പോയ്ക്കു സമീപം നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്.ടി.സി ബസ്സിനു മുകളില്‍ കൂറ്റന്‍ തണല്‍ മരം വീണു. ഇന്നു പുലര്‍ച്ചെ 5.30നായിരുന്നു അത്യാഹിതം. പേരൂര്‍ക്കട കെ.എസ്.ആര്.ടി.സി ഡിപ്പോയ്ക്കും പേരൂര്‍ക്കട മാതൃകാ ആശുപത്രിക്കും മദ്ധ്യേ നിന്ന മരമാണ് നിലം പൊത്തിയത്.
കഴിഞ്ഞദിവസങ്ങളിലെ ശക്തമായ കാറ്റിലും മഴയിലും അപകടാവസ്ഥയില്‍ നിന്ന കൂറ്റന്‍ തണല്‍മരമാണ് കടപുഴകിയത്. മരം വീഴുന്ന ശബ്ദംകേട്ട് ഓടിമാറിയതിനാല്‍ വഴിയാത്രികര്‍ പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. പേരൂര്‍ക്കട ഡിപ്പോയില്‍ നിന്ന് വഴയില വഴി പുള്ളിക്കോണത്തേക്ക് സര്‍വ്വീസ് നടത്താന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബസ്.
ബസ്സിനുള്ളില്‍ ഡ്രൈവറും കണ്ടക്ടറും ഉണ്ടായിരുന്നുവെങ്കിലും അവര്‍ പുറത്തേക്ക് ഇറങ്ങിയ സമയത്താണ് സംഭവമുണ്ടായത്. അല്‍പ്പസമയംകൂടി കഴിഞ്ഞിരുന്നുവെങ്കില്‍ യാത്രക്കാര്‍ കയറി വന്‍ അത്യാഹിതം ഉണ്ടാകുമായിരുന്നു. മരം വീണ് ബസ് ഏറെക്കുറെ തകര്‍ന്നു.
അറ്റകുറ്റപ്പണിക്കായി ബസ് സംഭവസ്ഥലത്തുനിന്ന് നീക്കി. ചെങ്കല്‍ച്ചുള്ളയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് ഒന്നരമണിക്കൂര്‍ പരിശ്രമിച്ചാണ് മരം മുറിച്ചുനീക്കിയത്.