പട്ടാമ്പി: എക്സിബിഷന് ഗ്രൗണ്ടിലെ മരണക്കിണര്‍ അഭ്യാസത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് കാണികള്‍ക്കിടയിലേക്കു പാഞ്ഞു കയറി ഒരു സ്ത്രീ മരിച്ചു. മൂന്നു കുട്ടികള്‍ക്കു പരുക്കേറ്റു. വല്ലപ്പുഴ പാറേങ്ങാട് ആനക്കോട്ടില്‍ വീട്ടില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ സുഹ്റയാണു (34) മരിച്ചത്. ഇന്നലെ വൈകിട്ട് ആറിനാണ് അപകടം. മരണക്കിണര്‍ അഭ്യാസത്തിനിടെ ബൈക്ക് ഓടിച്ചിരുന്ന ആള് വീഴുകയും ബൈക്ക് നിയന്ത്രണം വിട്ട് ട്രാക്കിലൂടെ കറങ്ങി മുകളിലെ കാണികള്‍ക്കിടയിലേക്കു പാഞ്ഞു കയറുകയുമായിരുന്നു.
പരുക്കേറ്റ ഓങ്ങല്ലൂര്‍ മുനക്കാട്ടുത്തൊടി ഫഹദ് (14), സല്മാന് ഫാരിസ് (12), നാജില (13) എന്നിവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സുഹ്റയുടെ നെഞ്ചിലൂടെ ബൈക്ക് കയറിയിറങ്ങിയതായി പറയുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ ഇവരെ പെരിന്തല്മണ്ണയിലെസ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സുഹ്റ മുഹമ്മദ് സുഹൈല്‍, ഷഹല തസ്നി, ഷുഹൈബ് എന്നിവരാണു സുഹ്റയുടെ മക്കള്‍. സംഭവത്തെ തുടര്‍ന്ന് പ്രദര്‍ശനം നിര്‍ത്തിവച്ചു. മരണക്കിണര്‍ നടത്തിപ്പുകാരില്‍ ഒരാളെ പട്ടാമ്പി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.