തിരുവനന്തപുരം: റോഡിലെ കുഴി കാരണമുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ കാട്ടായിക്കോണം ചന്തവിള ദീപം വീട്ടിൽ ധനീഷ് (33) ആണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടരയോടെ കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് സമീപമായിരുന്നു അപകടം. റോഡിലെ കുഴി കണ്ട് മുന്നിലൂടെ പോയ വാഹനം പെട്ടെന്ന് നിർത്തിയതിനെ തുടർന്ന് പിന്നാലെ വന്ന ആംബുലൻസ് നിയന്ത്രണം വിട്ട് രണ്ട് കാറുകളിലും സ്കൂട്ടറിലും ഇടിയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ രോഗിയെയും കൂട്ടി ചവറയിലേക്ക് പോകുകയായിരുന്നു ആംബുലൻസ്.
വെട്ടുറോഡിൽ നിന്നും കഴക്കൂട്ടത്തേക്ക് പോയ ധനീഷ് ഓടിച്ചിരുന്ന സ്കൂട്ടറിൽ ആംബുലൻസ് ഇടിച്ചതിനെ തുടർന്ന് ധനീഷ് റോഡിലേക്ക് തെറിച്ച് വീണു.
ഗുരുതരമായി പരിക്കേറ്റ ധനീഷിനെ നാട്ടുകാരും പോലീസും ചേർന്ന് മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ പന്ത്രണ്ട രയോടെ മരണം സംഭവിക്കുകയായിരുന്നു.
നീതി മെഡിക്കൽസിലെ ജീവനക്കാരനാണ് ധനീഷ്. കഴക്കൂട്ടം പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്ന് സ്ത്രീകൾക്കും പരിക്കേറ്റിരുന്നു