കാട്ടാക്കട: മാറനല്ലൂരില്‍ ഒരു സംഘം നടത്തിയ വ്യാപക ആക്രമണത്തിൽ ഇരുപതിലധികം വാഹനങ്ങൾ തകർന്നു. ഒരു വീടിന് നേരെയും ആക്രമണമുണ്ടായി.
മാറനല്ലൂര്‍ പഞ്ചായത്തിൽ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെ 1 മണിയോടെയാണ് ആക്രമണങ്ങളുടെ തുടക്കം. മണ്ണടിക്കോണം മഞ്ഞറമൂല സ്വദേശിയും കോണ്‍ഗ്രസ് പ്രാദേശികനേതാവുമായ ശ്രീകുമാറിന്റെ വീടിന് നേരെയായിരുന്നു ആദ്യ ആക്രമണം സ്വിഫ്റ്റ് കാറിലെത്തിയ ആക്രമികള്‍ വീടിന്റെ ജനാല ചില്ലൂകള് പൂര്‍ണമായും തകര്‍ത്തു.
അക്രമികള്‍ വണ്ടന്നൂര്‍, പാല്‍കുന്ന്, മേലാരിയോട്, ചെന്നിയോട്, മദര്‍തെരേസാ നഗര്‍ തുടങ്ങിയ മേഖലകളിൽ റോഡില്‍ പാര്‍ക്ക് ചെയ്യ്തിരുന്ന കാറുകള്‍, ടിപ്പറുകള്‍, പെട്ടി ഓട്ടോകള്‍ തുടങ്ങിയ വാഹനങ്ങള്‍ തകര്‍ത്തു.
പല വാഹനങ്ങളും വീടിനുളളില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാതെ വീടിന് പുറത്ത് ഇട്ടിരുന്നവയാണ്. മാറനല്ലൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ഭീതി പരത്തിയാണ് അക്രമപരമ്പര അരങ്ങേറിയത്.
രണ്ട് കാറുകളിലായെത്തിയ പതിനഞ്ചോളം വരുന്ന ഗുണ്ടാ സംഘമാണ് സംഭവങ്ങൾക്ക് പിന്നിലെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് മാറനല്ലൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
വീട് അക്രമിച്ച സംഘം പാൽക്കുന്ന് ആശുപത്രിക്ക് സമീപം ശാന്തിദൂതിൽ അജീഷിന്റെ കാർ, ചൈതന്യ ഗ്രന്ഥശാലക്ക് സമീപം പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറിയുടെ ഗ്ലാസ്, വണ്ടന്നൂർ രാജേഷിന്റെ ഉടമസ്ഥതയിലുള്ള ടിപ്പറിന്റെ ഗ്ലാസ്, പാപ്പാകോട് അജയന്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോയുടെ ഗ്ലാസ്, ശിവന്റെ ഉടമസ്ഥതയിലുള്ള ടാറസ് ലോറിയുടെ ഗ്ലാസ്, മണ്ണടിക്കോണത്ത് പ്രദീപിന്റെ ഉടമസ്ഥതയിലുള്ള പെട്ടി ഓട്ടോ, ചെന്നിയോട് റോഡ്വക്കിൽ പാർക്ക് ചെയ്തിരുന്ന രണ്ട് പിക്കപ്പ് വാനുകൾ എന്നിവ തകർത്ത് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
അതേസമയം തന്റെ വീടിനു നേരേ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഒരു സിപിഎം നേതാവിനെതിരേ വീട്ടുടമയായ കുമാർ പോലീസിൽ പരാതി നൽകി. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.