തിടനാട്: പൊന്നോമന മകളുടെയും ഭർതൃപിതാവിന്റെയും മരണം കൺമുന്പിൽ നടന്നതിന്റെ നടുക്കത്തിലാണ് അമ്മ റിന്റു. അപകടത്തിന്റെ ആഘാതത്തിൽ ബോധരഹിതയായ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. തിടനാട് മുതുപ്ലാക്കൽ ബേബിച്ചൻ (60), കൊച്ചുമകൾ ലിയാമോൾ (ഏഴ്) എന്നിവരെയാണ് റ്റിന്റുവിന്റെ കൺമുന്പിൽ വിധി കവർന്നത്.
മൂവരും ഒരുമിച്ചാണ് വീട്ടിൽനിന്നും ഇരുനൂറോളം മീറ്റർ അകലത്തിലുള്ള പാറക്കുളത്തിലേയ്ക്ക് പോയത്. ഇരുപത് അടിയോളം നീളവും ഇരുപത് അടിയോളം വീതിയും മൂന്നാൾ താഴ്ചയുമുണ്ട് ഈ പാറക്കുളത്തിന്. ലിയാമോളുടെ അമ്മ റിന്റു പാറക്കുളത്തിന്റെ ഒരുവശത്ത് തുണി അലക്കുന്ന ജോലിയിൽ ഏർപ്പെട്ടു.
മുത്തച്ഛനും കൊച്ചുമകളും നീന്തിക്കളിക്കുകയാണെന്നാണ് ആദ്യം വിചാരിച്ചത്. വീടിനു സമീപമുള്ള പാറക്കുളത്തിൽ സ്ഥിരമായി കുളിക്കാറുള്ള ഇവർ കുളത്തിനുള്ളിലെ വഴുവഴുപ്പിൽപ്പെട്ട് ആഴമേറിയ ഭാഗത്തേക്ക് പതിക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മുത്തച്ഛൻ അപകടത്തിൽപ്പെട്ടത്.
ഇരുവരെയും കാണാതായതോടെ റ്റിന്റു അലറിവിളിച്ച് സമീപവീടുകളിൽ എത്തി. ഓടിക്കൂടിയ അയൽക്കാർ വിവരം പോലീസിലും അറിയിച്ചു. ഉടൻതന്നെ പോലീസെത്തുകയും അയൽവാസികളുടെ സഹായത്തോടെ ഇരുവരെയും കുളത്തിൽ നിന്നും പുറത്തെടുത്തെടുക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ ആഘാതത്തിൽ ബോധരഹിതയായ റ്റിന്റുവിനെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയൽവാസികളായ മുല്ലയിൽ ചാക്കോച്ചൻ, വെള്ളമുണ്ടയിൽ ഔസേപ്പച്ചൻ, അറയ്ക്കപ്പറന്പിൽ സിജു, ചൂരയ്ക്കാട്ട് സണ്ണി, വാർഡ് മെംബർ സുരേഷ് കാലായിൽ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിച്ചു. ബേബിച്ചന്റെ മകൻ രതീഷ് തിടനാട് ടൗണിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പ് നടത്തുകയാണ്. ലിയോ തോമസാണ് ഇളയകുട്ടി.
പാറക്കുളങ്ങൾ നികത്താൻ നടപടിയില്ല
കോട്ടയം: വേനൽമഴയിൽ വെള്ളം നിറഞ്ഞ പാറക്കുളങ്ങൾ മരണക്കെണി. ഇന്നലെ തിടനാട്ടിൽ രണ്ടുപേർ മുങ്ങിമരിച്ചതിനു പുറമേ കഴിഞ്ഞ വർഷം അഞ്ചു പേരാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ അനാഥമായ പാറക്കുഴികളിൽ മരിച്ചത്.പാറകളിൽ വഴുക്കലുള്ള പായൽ വളർന്ന സാഹചര്യത്തിൽ നിരവധി പേരാണ് അപകടത്തിൽപ്പെടുന്നത്. കാലങ്ങളോളം പാറപൊട്ടിച്ചശേഷം ഉപേക്ഷിച്ച കുഴികൾ മൂടാൻ യാതൊരു നിബന്ധനകളുമില്ലാത്തതാണ് അപകടത്തിന് കാരണം.
ജലക്ഷാമമുള്ള പ്രദേശങ്ങളിലെ ദേശവാസികൾ ഈ വെള്ളക്കെട്ട് കുളിക്കാനും നനയ്ക്കാനും കാലികളെ കുളിപ്പിക്കാനും പ്രയോജനപ്പെടുത്താറുണ്ട്.ജില്ലയിൽ ചെറുതും വലുതുമായ 55 പാറക്കുളങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ട്. പാറ പൊട്ടിച്ചു കഴിഞ്ഞാൽ ഈ കുളങ്ങൾ നികത്താൻ നടപടിയുണ്ടാകണമെന്ന ചട്ടം മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് കർക്കശമാക്കുന്നില്ല.
അപകടം ഒഴിവാക്കാൻ പാറ പല തട്ടുകളായി പൊട്ടിക്കണമെന്നും ആഴത്തിൽ കുഴിച്ചിറക്കരുതെന്നുമാണ് നിർദേശം. തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടതുണ്ട്. നെടുങ്കുന്നം, കറുകച്ചാൽ, ചേലക്കൊന്പ്, കടപ്ലാമറ്റം, രാമപുരം പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ പാറക്കുളങ്ങൾ അവശേഷിക്കുന്നത്.