കോതമംഗലം: മദ്യലഹരിയിൽ ഭാര്യാമാതാവിനെ ടോർച്ചുകൊണ്ടു തലയ്ക്കടിച്ചു സാരമായി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. നേര്യമംഗലം പഴയഫാം റോഡിൽ താമസിക്കുന്ന വടക്കേപ്പറന്പിൽ ബിജു (മരപ്പട്ടി ബിജു-36) ആണ് അറസ്റ്റിലായത്. പരിക്കേറ്റ പള്ളിക്കാട്ടുചിറ ആന്റണിയുടെ ഭാര്യ മിനി (46)യെ കോതമംഗലം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.
മദ്യപിച്ചു സ്ഥിരമായി വഴക്കുണ്ടാക്കുന്ന ബിജുവിന്റെ പേരിൽ ഊന്നുകൽ പോലീസിൽ നിരവധി കേസുണ്ട്. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ ഭാര്യ പിണങ്ങി മൂന്നു കുട്ടികളുമായി അമ്മയോടൊത്തു വാടകവീട്ടിലാണു താമസം. സംഭവദിവസം രാത്രി ബിജു വീട്ടിൽ ചെന്നു ഭാര്യയുമായി വഴക്കിട്ടു.
തടസം പിടിക്കാൻ ചെന്നപ്പോൾ ഭാര്യാമാതാവിനെ കൈയിലിരുന്ന മെറ്റൽ ടോർച്ചുകൊണ്ടു തലയ്ക്കടിയ്ക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇവരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണു മിനിയെ ആശുപത്രിയിൽ എത്തിച്ചത്. രാത്രി തന്നെ ബിജുവിനെ ഊന്നുകൽ എസ്ഐ ടി.എം. സൂഫിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.