കാട്ടാക്കട : മരപ്പട്ടിയെ കൊന്ന് കറിവെച്ച സംഭവത്തിൽ വിളവൂർക്കൽ സ്വദേശി അറസ്റ്റിൽ. വിളവൂർക്കൽ ചിറയിൽ പുത്തൻവീട്ടിൽ അമ്പിളി (50) ആണ് പരുത്തിപ്പള്ളി ഫോറസ്റ്റ് അധികൃതരുടെ പിടിയിലായത്.
ഇന്നലെ ഉച്ചതിരിഞ്ഞ് മലയം മണലിവിള ഭാഗത്തായിരുന്നു സംഭവം. പണി പൂർത്തിയായി വരുന്ന ഇയാളുടെ വീടിന് സമീപത്ത് കെണിവെച്ച് മരപ്പട്ടിയെ പിടികൂടുകയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് അധികൃതർ സ്ഥലത്ത് എത്തുമ്പോൾ ഇയാൾ ഇറച്ചി ഭക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടി.
ഒരു സുഹൃത്ത് മുഖാന്തരമാണ് കെണി ഒരുക്കുന്നതിനുള്ള കൂട് നിർമിച്ചതെന്ന് പ്രതി സമ്മതിച്ചു. കെണിവയ്ക്കാൻ ഉപയോഗിച്ച കൂട്, പാത്രങ്ങൾ, ഇറച്ചിയുടെ അവശിഷ്ടങ്ങൾ, കറിവയ്ക്കുന്നത് ഉപയോഗിച്ച ആയുധങ്ങൾ എന്നിവ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി.
പരുത്തിപ്പള്ളി ഡെപ്യൂട്ടി റെയ്ഞ്ചർ സുനിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ. രഞ്ജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ശനിയാഴ്ച വനം കോടതിയിൽ ഹാജരാക്കും.