പത്തനാപുരം : മരപ്പട്ടി ശല്യം രൂക്ഷമായതോടെ ഭീതിയുടെ നിഴലിലാണ് തലവൂര്‍ അമ്പലത്തിന്‍നിരപ്പ് സര്‍ക്കാര്‍ എല്‍.പി സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. കഴിഞ്ഞദിവസം ഓഫീസിലെ അലമാരയ്ക്കിടയില്‍ കുടുങ്ങിയ മരപ്പട്ടിയെ പിടികൂടാനുളള ശ്രമം വിഫലമായി.
ഹെഡ്മാസ്റ്റര് ഓഫീസ് മുറി തുറന്നപ്പോഴാണ് അലമാരയ്ക്ക് ഇടയിലായി മരപ്പട്ടിയെ കണ്ടത്. പുറത്തേക്ക് പോകാന്‍ സാധിക്കാത്ത വിധം ഞെരുങ്ങി ഇരിക്കുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പത്തനാപുരത്ത് നിന്നും വനപാലകരെത്തി കെണിയിലാക്കാനുളള ശ്രമം നടത്തിയെങ്കിലും മരപ്പട്ടി ചാടിപ്പോയി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം സ്കൂളിന് അവധിയും നല്കി.
മരപ്പട്ടി ആക്രമണത്തില്‍ ഓഫീസിലെ കംപ്യൂട്ടറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. കസേരകള്‍ അടക്കമുളള ഫര്‍ണിച്ചറുകളും അലമാരയില്‍ സൂക്ഷിച്ചിരുന്ന പലവ്യഞ്ജന സാധനങ്ങളും നശിപ്പിച്ചിരുന്നു. കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്കൊപ്പം മൃഗശല്യവും സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവുകയാണ്. മരപ്പട്ടിയെ പിടികൂടാനായി സ്കൂളില്‍ കൂട് സ്ഥാപിച്ചതായി പത്തനാപുരം റേഞ്ച് ഓഫീസര്‍ പ്രസന്നകുമാര്‍ പറഞ്ഞു.