സ്വന്തം ലേഖകൻ
വടക്കാഞ്ചേരി: വൈറസ് ബാധയെ തുടർന്ന് മരപ്പട്ടികൾ ചത്തൊടുങ്ങിയ തെക്കുംകരയിൽ ഉന്നത വിദഗ്ധസംഘം സന്ദർശനം നടത്തി. സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ് ഡോ. എ. സുകുമാരൻ, ഡോ. ഉമാ മഹേശ്വരി, ഡോ. ദീപ്തി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു വടക്കാഞ്ചേരിയിലെത്തി മരപ്പട്ടികൾ ചത്തുവീണ മനയും പരിസരവും പരിശോധിച്ചത്.
മരപ്പട്ടികൾ ചത്തുവീണ സംഭവം ഡിഎംഒ ഡോ. കെ.ജെ. റീന കഴിഞ്ഞ ദിവസം തന്നെ ആരോഗ്യവകുപ്പിന്റെ ഐഡിഎസ്പിയിൽ (ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം) റിപ്പോർട്ടു ചെയ്്തിരുന്നു. സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധികൾ റിപ്പോർട്ടു ചെയ്യുകയാണെങ്കിൽ ഐഡിഎസ്പിയിലെ വിദഗ്ധർ പരിശോധനയ്ക്കു വരാറുണ്ട്. അതിന്റെ ഭാഗമായാണു വിദഗ്ധർ സ്ഥലപരിശോധനയ്ക്കെത്തിയത്.
മരപ്പട്ടികൾ ചത്തൊടുങ്ങിയത് വൈറസ് ബാധമൂലമുള്ള കനൈൻ ഡിസ്റ്റംബർ എന്ന രോഗത്താലാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം മനുഷ്യരിലേക്കു പകരില്ലെന്നും എന്നാൽ രോഗബാധിതരായിട്ടുള്ള മരപ്പട്ടികൾ ചാവാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറഞ്ഞു. മരപ്പട്ടിയുടെ ഇറച്ചി തിന്നരുതെന്നു സന്ദർശനം നടത്തിയശേഷം ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചു.
മരപ്പട്ടികളെ കൊല്ലാൻ പാടില്ലെന്നും ഇറച്ചിക്കായി അവയെ അപായപ്പെടുത്തരുതെന്നും നിയമമുണ്ട്. കനൈൻ ഡിസ്റ്റംബർ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൂടുതൽ മരപ്പട്ടികളിലേക്കു രോഗബാധ പകരുമെന്നതിനാൽ ഇവയെ കറിവച്ചു കഴിക്കരുതെന്ന് ആരോഗ്യവകുപ്പ് അധികൃതർ കർശന നിർദേശം നൽകി. തെക്കുംക രയിലെ ആരോഗ്യവിഭാഗം ഉദ്യോ ഗസ്ഥരും സന്ദർശനം നടത്തി.