ആലപ്പുഴ: ഹേയ്, പോലീസേ ഒരു പൂ തരാമോ… എന്നു ചോദിച്ചാല്‍ മാരാരിക്കുളം സ്റ്റേഷനിലെ പോലീസുകാര്‍ ഒരിക്കലും നോ പറയില്ല, കാരണം അത്രയേറെ പൂക്കളാണ് ദേശീയപാതയ്ക്കരികിലെ ഈ സ്റ്റേഷനു മുന്നില്‍ വിരിഞ്ഞുനില്‍ക്കുന്നത്. മാരാരിക്കുളം പോലീസ് സ്റ്റേഷനു കുറച്ചുകാലമായി പൂക്കാലമാണ്.
ദേശീയപാതയില്‍ ആലപ്പുഴ-ചേര്‍ത്തല വഴി യാത്ര ചെയ്യുന്നവര്‍ക്ക് സ്റ്റേഷനിലേക്ക് നോക്കാതെ പോകാനാകില്ല. അത്ര മനോഹരമായാണ് സ്റ്റേഷനു മുന്നില്‍ ചെണ്ടുമല്ലികള്‍ നിറഞ്ഞുനില്ക്കുന്നത്. പോലീസുകാര്‍ നട്ടുനനച്ചുവളര്‍ത്തിയ പൂകൃഷി ഇവിടെ രണ്ടാം വിളവെടുപ്പിന് ഒരുങ്ങി നില്‍ക്കുകയാണ്.
രണ്ടു മാസങ്ങള്‍ക്ക് മുമ്പാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പൂകൃഷി ആരംഭിച്ചത്. നിയമപാലകര്‍ ഉദ്യാനപാലകരായപ്പോള് ലഭിച്ചത് നൂറുമേനി വിളവാണ്. ആദ്യ വിളവെടുപ്പിന്റെ ഉദ്ഘാടനം ആലപ്പുഴ ഡിവൈഎസ്പി എം.ആര്. മധു ബാബു നിര്‍വഹിച്ചു. വിളവെടുപ്പില്‍ ലഭിച്ച പൂക്കള്‍ കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലേക്കാണ് സമര്‍പ്പിച്ചത്.
പൂകൃഷി ശ്രദ്ധാകേന്ദ്രമായതോടെ കൃഷിമന്ത്രി പി. പ്രസാദ് കഴിഞ്ഞദിവസം കൃഷിയിടം സന്ദര്‍ശിക്കാനെത്തുകയും ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ജോലി സമ്മര്‍ദത്തിനിടയില്‍ മാനസിക ഉല്ലാസത്തിനുവേണ്ടിയാണ് കൃഷി ആരംഭിച്ചത്. പൂക്കളുടെ പരിപാലനത്തിലൂടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ കഴിയുന്നുണ്ടെന്ന് കൃഷിക്ക് നേതൃത്വം നല്കിയ സ്റ്റേഷന് ഹൗസ് ഓഫീസര്‍ എ.വി. ബിജു പറഞ്ഞു.