മുക്കം: ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്താകമാനം ഒരു കോടി വൃക്ഷത്തൈകൾ നടുമെന്ന് മുഖ്യമന്ത്രിയും 70 ലക്ഷം വൃക് ത്തൈകൾ നടുമെന്ന് വനം മന്ത്രിയും നടത്തിയ പ്രസ്താവനകൾ വെള്ളത്തിലാക്കി വിതരണത്തിനെത്തിച്ച തൈകൾ നശിക്കുന്നു.
സർക്കാർ പ്രഖ്യാപനത്തോടെ ജനങ്ങൾ ഒന്നടങ്കം പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നടുന്നതിനായി മത്സരിച്ചു. മിക്കയിടങ്ങളിലും വൃക്ഷത്തൈകളുടെ വിതരണം ഗ്രാമപഞ്ചായത്തുകൾ മുഖേനയായിരുന്നു. എന്നാൽ കാരശേരി പഞ്ചായത്ത് ആസ്ഥാനത്തെത്തിയ വൃക്ഷത്തൈകളുടെ അവസ്ഥ കഷ്ടം തന്നെയായിരുന്നു. വെയിലും മഴയുമേറ്റ് തൈകൾ നശിച്ചു കൊണ്ടിരിക്കുന്നു. ചുരുക്കത്തിൽ തൈ നടീൽ ചാനലുകളിലും പത്രങ്ങളിലും മാത്രമായി ഒതുങ്ങി.
പനി പടരുന്പോൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്താതിരിക്കുന്ന തദ്ദേശസ്ഥാപനങ്ങളെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിമർശിച്ചിരുന്നു.ഇതിനുപിന്നാലെയാണിപ്പോൾ നടുന്നതിനായി എത്തിച്ച തൈകളും നശിച്ചിരിക്കുന്നത്. ഒരു തൈ പോലും നഷ്ടപ്പെടുത്തരുത് എന്ന സർക്കാറിന്റെ നിർദേശമുണ്ടായിരിക്കെയാണ് നൂറുകണക്കിന് തൈകൾ നശിക്കുന്നത്.