കണ്ണൂർ: 130 വർഷം പഴക്കമുള്ള മലയാള നോവൽ സരസ്വതി വിജയം കെപിഎസി നാടകമാക്കി അരങ്ങിലെത്തിക്കുന്പോൾ നോവലിസ്റ്റിന്റെ വേരുകൾ തേടി നാടകൃത്ത്. അഭിഭാഷകനായിരുന്ന പോത്തേരി കുഞ്ഞന്പുവെന്ന നോവലിസ്റ്റിന്റെ പിൻമുറക്കാരെനാടകൃത്ത് സുരേഷ് ബാബുവും സംഘവും കണ്ണൂർ പയ്യാന്പലത്തെത്തിയത്.
പോത്തേരി കുഞ്ഞന്പു വക്കീലിന്റെ ഇപ്പോഴുള്ള നാലാം തലമുറയിലെ അംഗങ്ങളുമായാണ് നാടക പ്രവർത്തകർ സംവദിച്ചത്. പോത്തേരി കുഞ്ഞന്പുവിന്റെ മകളുടെ മകളുടെ പേരക്കുട്ടിയുടെ മകനായ ഡോ. അജിത് കുമാറിന്റെ വീട്ടിലെത്തിയ സംഘം പോത്തേരി കുടുംബത്തിലെ തലമുതിർന്ന അംഗങ്ങളുമായി സംസാരിക്കുകയും നോവലിസ്റ്റിനെ കുറിച്ച് കൂടുതൽ മനസിലാക്കുകയും ചെയ്തു.
സാഹിത്യ രംഗത്തെ സവർണാധിപത്യം ബോധപൂർവം മറന്ന ഒപു നോവലിനെയും അതിലെ തീക്ഷ്ണമായ ജീവിത മുഹൂർത്തത്തെയുമാണ് 130 വർഷങ്ങൾക്ക് ശേഷം കെ.പിഎസി “മരത്തന് 1892′ എന്ന പേരിൽ നാടകമായി അരങ്ങിലെത്തിക്കുന്നത്. 1892ൽ ഉത്തരമലബാറിലെ സാമൂഹ്യ പരിഷ്കർത്താവും എഴുത്തുകാരനുമായ പോത്തേരി കുഞ്ഞന്പു രചിച്ച സരസ്വതി വിജയമെന്ന നോവലാണ് പുതിയ കാലത്തോട് ചേർത്ത് വച്ച് കെപിഎസി നാടമാക്കി മാറ്റുന്നത്.
അധസ്ഥിതികർക്കു വേണ്ടി പോരാട്ടം നടത്തിയ വലിയ സാമൂഹ്യ പരിഷ്കർത്താവിനു സ്മാരം പോലുമില്ലാത്ത ഇടത്താണ് നാടകത്തെ തന്നെ കെപിഎസി പോത്തേരി കുഞ്ഞന്പുവിന്റെ സ്മാരകമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കെപിഎസി ഭാരവാഹികൾ പറഞ്ഞു.
നാടകൃത്തായ സുരേഷ് ബാബുവിനൊപ്പം കെപിഎസി സെക്രട്ടറി എ. ഷാജഹാൻ, ചെറുകഥാകൃത്തും സാഹിത്യ അക്കാഡമി അംഗവുമായ ടി.പി. വേണുഗോപാലൻ, എഴുത്തുകാരനും ചെറുകാട് പുരസ്കാര ജേതാവുമായ എം.കെ. മനോഹരൻ, കണ്ണൂർ സയൻസ് പാർക്ക് ഡയറക്ടറും ഫോക് ലോറിസ്റ്റുമായ എ.വി. അജയകുമാർ എന്നിവരുമുണ്ടായിരുന്നു. മനോജ് നാരായണനാണ് നാടകത്തിന്റെ സംവിധായകൻ. ഈ മാസം 19ന് വൈകുന്നേരം ആറിന് കോഴിക്കോട് ടാഗോർ ഹാളിലാണ് ആദ്യ പ്രദർശനം.