തിരുവനന്തപുരം: മുംബൈ മാരത്തണിൽ പങ്കെടുക്കാനൊരുങ്ങുന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ. കെ.എം. എബ്രഹാമിനു മുഖ്യമന്ത്രി പിണറായി വിജയൻ ജഴ്സിയും ഫ്ലാഗും കൈമാറി.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് എബ്രഹാം മുംബൈ മാരത്തണിൽ പങ്കെടുക്കുന്നത്. ഞായറാഴ്ച നടക്കുന്ന മാരത്തൺ 42 കിലോമീറ്ററാണ്.
വയനാട് ദുരന്തത്തിലെ ഇരകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ജഴ്സിയും ഫ്ലാഗുമാണ് മുഖ്യമന്ത്രി കൈമാറിയത്. ചടങ്ങിൽ മറ്റു മന്ത്രിമാരും പങ്കെടുത്തു.
റൺ ഫോർ വയനാട്’ എന്ന ആശയം മുൻനിർത്തി തയാറാക്കിയ ജഴ്സിയിലും ഫ്ലാഗിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള ആഹ്വാനവുമുണ്ട്. സിഎംഡിആർഎഫിന്റെ അക്കൗണ്ട് വിശദാംശങ്ങളും ജഴ്സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വയനാട് ചൂരൽമല, മുണ്ടക്കൈ പുനരധിവാസത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പുകളുടെ നിർമാണ കൺസൾട്ടൻസിയായ കിഫ് കോണിന്റെ ചെയർമാൻ കൂടിയാണ് എബ്രഹാം. നേരത്തേ 42 കിലോമീറ്റർ വരുന്ന ലണ്ടൻ മാരത്തണും എബ്രഹാം വിജയകരമായി പൂർത്തിയാക്കിയിരുന്നു.