ചിലര്‍ വിവാഹം കഴിക്കുന്നതിലും വേഗത്തിലാണ് വിവാഹമോചിതരാവുന്നത്. അടുത്തടുത്ത ദിവസങ്ങളില്‍ അടുത്ത ബന്ധുക്കളെ വിവാഹം ചെയ്ത് തൊട്ടടുത്ത ദിവസങ്ങളില്‍ വിവാഹമോചിതരായാണ് ഒരു ചൈനീസ് കുടുംബം ആളുകളെ ഞെട്ടിച്ചത്. ചൈനയിലെ കിഴക്കന്‍ ഷിജിയാങ് പ്രവിശ്യയിലെ ഒരു കുടുംബത്തില്‍ തൊട്ടടുത്ത ബന്ധുക്കള്‍ തമ്മില്‍ രണ്ട് ആഴ്ചക്കുള്ളില്‍ നടന്നത് 23 വിവാഹങ്ങളാണ്.
എന്തിനാണ് ഇങ്ങനെ വിവാഹവും വിവാഹമോചനവും നടത്തിയതെന്നു ചോദിച്ചാല്‍ അവര്‍ പറയുന്ന ഉത്തരം ആരുടെയും കണ്ണു തള്ളിക്കും. സര്‍ക്കാരിന്റെ ഭവനപദ്ധതിയുടെ ഗുണം കിട്ടാന്‍ വേണ്ടിയായിരുന്നു ഈ മാരത്തോണ്‍ വിവാഹങ്ങള്‍. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കുള്ള 430 സ്‌ക്വയര്‍ ഫീറ്റുള്ള വീട് പദ്ധതിയില്‍ ഭാഗമാകുന്നതിനുള്ള നിബന്ധന പ്രദേശവാസികളും വിവാഹിതരാവണമെന്നും മാത്രമായിരുന്നു. അതിനായി പാന്‍ എന്ന യുവാവിന്റെ തലയില്‍ വിരിഞ്ഞ ആശയമായിരുന്നു ഈ വിവാഹങ്ങളും വിവാഹമോചനങ്ങളും.
ഗ്രാമത്തില്‍ താമസിക്കുന്ന പ്രദേശവാസിയാണെന്ന രേഖയുള്ള തന്റെ മുന്‍ ഭാര്യയായ ഷിയെ ഇയാള്‍ വീണ്ടും വിവാഹം ചെയ്തു. ആറ് ദിവസത്തിനുള്ളില്‍ ഇവര്‍ വീണ്ടും വിവാഹമോചനം നേടി. ഇതിനോടകം ആവശ്യമായ രേഖകള്‍ പാന്‍ നേടിയെടുത്തിരുന്നു. ഇതിന് ശേഷം ഇയാള്‍ വീണ്ടും വിവാഹിതനായി. പാന്‍ ചെയ്തതുപോലെ തന്നെ ഷിയും ഇതിനുള്ളില്‍ അടുത്ത ബന്ധുവിനെ വിവാഹം ചെയ്ത് വീണ്ടും വിവാഹമോചനം നേടി. പദ്ധതിയെക്കുറിച്ച് വിവരമറിഞ്ഞ ഇവരുടെ ബന്ധുക്കളും അടുത്ത ബന്ധുക്കളും പരസ്പരം വിവാഹം ചെയ്ത് രേഖകള്‍ക്കായി അപേക്ഷിച്ചതോടെയാണ് പണി പാളിയത്.
മൂന്ന് തവണയാണ് പാന്‍ ഇത്തരത്തില്‍ വിവാഹിതനായത്. തുടര്‍ച്ചയായി രേഖകളില്‍ ഇയാളുടെ പേര് കണ്ടതോടെയാണ് ഉദ്യോഗസ്ഥര്‍ മാരത്തോണ്‍ വിവാഹങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയത്. ഒരേ കുടുംബത്തിലെ പതിനൊന്ന് പേരാണ് ഇത്തരത്തില്‍ ഭവന പദ്ധതിയില്‍ ഭാഗമാകാനായി വിവാഹം കഴിച്ചതും വിവാഹ മോചനം നേടിയതും. തുടര്‍ന്ന് ഇവരെ വഞ്ചനാക്കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തു. ഇത്തരത്തില്‍ കൂടുതല്‍ ആളുകള്‍ തട്ടിപ്പ് നടത്തിയോയെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.