മറയൂർ: അവധിക്കാലം ആഘോഷമാക്കാൻ വൈവിധ്യ കാഴ്ചകളുടെ വസന്തമൊരുക്കി മറയൂർ, കാന്തല്ലൂർ മലനിരകൾ സഞ്ചാരികളെ മാടിവിളിക്കുന്നു. കഴിഞ്ഞ രണ്ടു പ്രകൃതി ദുരന്തങ്ങളിലും ഒന്നും ബാധിക്കാത്ത മേഖലയാണ് മറയൂർ, കാന്തല്ലൂർ മലനിരകൾ. മഴയുടെ നിഴലിൽ കഴിയുന്ന ഇവിടെ വെള്ളച്ചാട്ടങ്ങളുടെ സമൃദ്ധിയാണ് ഏറ്റവും മനോഹരമായ കാഴ്ച.
തൂവാനം, കച്ചാരം, കരിമൂട്ടി, ഇരച്ചിൽപാറ തുടങ്ങിയ വെള്ളച്ചാട്ടങ്ങൾ ജലസമൃദ്ധിയുടെ നിറവിലാണ്. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ വനംവകുപ്പ് ഏർപ്പെടുത്തിയ ട്രെക്കിംഗിലൂടെ തൂവാനം വെള്ളച്ചാട്ടത്തിൽ എത്താൻ കഴിയും. ബാക്കിയുള്ള സ്ഥലങ്ങളിൽ ജീപ്പുകളിൽ എത്താം.
കാന്തല്ലൂർ മലനിരകളിൽ ശീതകാല പഴവർഗങ്ങളുടെ വിളവെടുപ്പ് കാലമാണ്. വിളവെടുക്കാൻ പാകത്തിൽ കിടക്കുന്ന ആപ്പിളുകളാണ് സഞ്ചാരികളുടെ മനംകവരുന്നതിൽ ഒന്നാമൻ.ബ്ലാക്ക്ബെറി, വിവിധയിനം പ്ലമുകളും പീച്ചുകളും, സബർജിൽ, ഓറഞ്ച്, നെക്ടറിൻ, സീതപ്പഴം, പാഷൻ ഫ്രൂട്ട് തുടങ്ങിയ പഴങ്ങളുടെ വൈവിധ്യ കലവറയാണ് ഇവിടെ വിളവെടുപ്പിന് ഒരുങ്ങിയിരിക്കുന്നത്.
കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, വിവിധയിനം ബീൻസുകൾ തുടങ്ങിയവ വിളയുന്ന ശീതകാല പച്ചക്കറി പാടങ്ങളും കരിന്പിൻ പാടങ്ങളും ചന്ദനക്കാടുകളും മുനിയറകളും ഭ്രമരം സൈറ്റും തേൻപാറയും ഗുഹകളും എഴുത്തളകളും ശിലാലിഖിതങ്ങളും വന്യജീവി സങ്കേതങ്ങളും നിറകാഴ്ചകളാണ്.
ഓഫ് റോഡ് ഡ്രൈവിന്റെ അനുഭവങ്ങളും സഞ്ചാരികൾക്ക് ലഭ്യമാകുന്നു. മൂന്നാറിൽനിന്നും 40 കിലോമീറ്ററും ഉടുമലൈയിൽനിന്നും 47 കിലോമീറ്റർ ദൂരവുമാണ് മറയൂരിലേക്കുള്ളത്.