മറയൂർ: വിനായകനു പിന്നാലെ കർഷകന് തലവേദന സൃഷ്ടിച്ച് ചിന്നതന്പി. അതിർത്തിപ്രദേശമായ തമിഴ്നാട് തടാകം പ്രദേശത്ത് തുടർച്ചയായി കർഷകരുടെ വിള നശിപ്പിച്ചിരുന്ന കാട്ടാന വിനായകനെ മയക്കുവെടിവച്ച് കുംകി ആനകളുടെ സഹായത്താൽ പിടികൂടി മുതുമല വനത്തിൽ കയറ്റിവിട്ടിരുന്നു. ഇപ്പോൾ ചിന്നതന്പി എന്ന കൊന്പനാണ് കൃഷിയിടങ്ങളിലെത്തി വിള നശിപ്പിക്കുന്നത്. ചിന്നതന്പി മറ്റാനകളുടെ കൂട്ടത്തോടൊപ്പം ചിലസമയങ്ങളിൽ കൃഷിയിടത്തിൽ എത്തുന്നതാണ് കർഷകർക്ക് ഏറെ വെല്ലുവിളി ഉയർത്തുന്നത്.
ഏതാനും ദിവസം മുൻപ് നാലു കൊന്പനാനകൾക്കൊപ്പമെത്തിയ ചിന്നതന്പി കഴിഞ്ഞദിവസം പിടിയാനയ്ക്കും കുഞ്ഞിനുമൊപ്പമാണ് എത്തിയത്. ഓരോ തവണയും ചിന്നതന്പി എത്തുന്നത് വെവ്വേറെ ആനകൾക്കൊപ്പമാണെന്ന് വനം വന്യജീവി ജീവനക്കാർ പറഞ്ഞു. ചിന്നതന്പിയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ ഇറങ്ങിയാൽ അപ്പോൾതന്നെ വനത്തിലേക്ക് ഓടിച്ചുവിടാനുള്ള സംവിധാനം ഏർപ്പെടുത്തിയതായും ജില്ലാ ഫോറസ്റ്റ് ഓഫീസർ ഡി. വിഗ്നേഷ് അറിയിച്ചു.
മുതുമല വനത്തിലേക്ക് കടത്തിയ വിനായകനെ റേഡിയോ കോളർ സംവിധാനംവഴി നിരീക്ഷിച്ചുവരികയാണെന്നും വിനായകൻ മറ്റാനകളുമായി കൂട്ടമായി ചേർന്ന് നടക്കുന്നതായും വനംവകുപ്പ് അധികൃതർ അറിയിച്ചു.