മറയൂർ: മലനിരകളിൽ മഴയെത്തി മണ്ണിൽ നീരിറങ്ങിത്തുടങ്ങിയപ്പോൾ പച്ചക്കറികൾ മുളച്ചു തുടങ്ങി. കടുത്ത വേനലിന് ശേഷം കർഷകർക്ക് ആശ്വാസമായി മഴയെത്തിയപ്പോൾ നട്ട ബട്ടർബീൻസിന്റെ മുകുളങ്ങൾ മുളച്ചുപൊങ്ങിത്തുടങ്ങി.
ഓണവിപണി ലക്ഷ്യമിട്ടാണ് കർഷകർ കൃഷിയിറക്കിയിരിക്കുന്നത്. മൂന്നുമാസം കഴിഞ്ഞാണ് വിളവെടുപ്പ് ആരംഭിക്കുന്നത്. കാന്തല്ലൂരിൽ ബട്ടർ ബീൻസ് കൂടുതലായി കൃഷിചെയ്യുന്ന ആദിവാസി കോളനികളാണ് ഒള്ളവയൽ, മാങ്ങാപ്പാറ. മറയൂർ മേഖലയിലെ ആദിവാസി കോളനികളിൽ കൂർക്കയും ഉരുളക്കിഴങ്ങും പ്രധാനമായി കൃഷി ചെയ്തുവരുന്നു.
കാന്തല്ലൂരിലെ മറ്റു ഗ്രാമങ്ങളിൽ പലവിധ ശീതകാല പച്ചക്കറികളായ കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ് എന്നിവ കൃഷിചെയ്യുന്നുണ്ടെങ്കിലും ഈ സീസണിൽ കൂടുതൽ കർഷകർ വെളുത്തുള്ളിക്കൃഷിയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ബട്ടർ ബീൻസിന് കർഷകന് നല്ല വില ലഭിച്ചിരുന്നു. ഒരുകിലോ ബീൻസിന് 150 രൂപ മുതൽ 200 രൂപവരെ വില ലഭിച്ചു.
ഗുണത്തിലും രുചിയിലും ഏറെ മുന്നിലായതിനാൽ ബട്ടർ ബീൻസിന് നല്ല ഡിമാൻഡാണ്. ബട്ടർ ബീൻസ് കൂടുതലായി കയറ്റിയയയ്ക്കുന്നത് തമിഴ്നാട്ടിലേക്കാണ്. കേരളത്തിലെ വിപണികളിൽ ഗുണമേറെയുള്ള ബട്ടർ ബീൻസ് എത്തുന്നില്ല.മറയൂർ മലനിരകളിൽ കൂർക്കയാണ് പ്രധാന താരം. കർഷകരുടെ മനം നിറച്ചാണ് കാട്ടുകൂർക്ക കൃഷി ആദിവാസി കോളനികളിൽ വ്യാപകമാവുന്നത്.
ചെറിയ കാലയളവിൽ നല്ല വിളവും വരുമാനവും ലഭിക്കുമെന്നതാണ് ആകർഷണം. മറയൂർ ശർക്കര, മറയൂർ ചന്ദനം, കാന്തല്ലൂർ വെളുത്തുള്ളി, ശീതകാല പച്ചകറി, പഴവർഗങ്ങൾ, റാഗി, തിന അടക്കമുള്ള ചെറു ധാന്യങ്ങൾക്കൊപ്പം കാട്ടു കൂർക്കയും സ്ഥാനം നേടി.ഇതുവരെ 1,066 ടൺ കൂർക്കയാണ് മറയൂർ മലനിരകളിൽ വിളവെടുത്തത്.
3. 31 കോടി രൂപയാണ് കൂർക്കയുടെ വില്പനയിലൂടെ ഗോത്ര സമൂഹത്തിന്റെ കൈകളിൽ എത്തിയത്. മറയൂർ പഞ്ചായത്തിലെ കവക്കുടി, പെരിയകുടി, നെല്ലിപ്പെട്ടി, വേങ്ങാപ്പാറ, കമ്മാളംകുടി, ഇരുട്ടളക്കുടി എന്നീ ആദിവാസി ഗ്രാമങ്ങളിലാണ് കൂർക്ക വ്യാപകമായി കൃഷി ചെയ്തുവരുന്നത്.