മറയൂർ: ആദിവാസി യുവാവ് ബന്ധുവീട്ടിൽ അതിക്രൂരമായനിലയിൽ കൊല്ലപ്പെട്ടു. കാന്തല്ലൂർ തീർഥമല മുതുവാക്കുടി സ്വദേശി രമേശ് (27) ആണ് മരിച്ചത്.
കന്പിവടിക്ക് തലയ്ക്കടിച്ചും വായിൽ കന്പി കുത്തിയിറക്കിയുമായിരുന്നു നിഷ്ഠൂരമായ കൊലപാതകം. മറയൂർ ഒന്നാംവാർഡിൽ പെരിയക്കുടിയിലാണ് സംഭവം.
ഇന്നലെ രാത്രി 10.30 ഓടെ രമേശിന്റെ അമ്മാവനായ സുബ്ബരാജിന്റെ മകൻ സുരേഷിന്റെ വീട്ടിലാണ് കൊലപാതകം നടന്നത്. പ്രതിയെന്നു സംശയിക്കുന്ന സുരേഷ് ഒളിവിലാണ്.
ഇയാൾക്കായി പോലീസ് തെരച്ചിൽ നടത്തി വരുന്നു. സുരേഷ് മദ്യപാനത്തിനടിമയാണെന്ന് പോലീസ് പറഞ്ഞു.സുരേഷിന്റെ മാതാപിതാക്കൾ വീടിനു സമീപത്തുതന്നെയുള്ള ഷെഡിലായിരുന്നു താമസം.
നേരത്തെ ട്രൈബൽ പ്രമോട്ടറായി ജോലി ചെയ്തിരുന്ന രമേശ് ഇടയ്ക്കിടെ അമ്മാവന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. ലൈഫ് ഭവന പദ്ധതി പ്രകാരം നിർമിച്ച വീട്ടിൽ ഇന്നലെ രാത്രി സുരേഷിനൊപ്പമായിരുന്നു രമേശ് കഴിഞ്ഞത്.
മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവശേഷം സുരേഷ് സ്ഥലത്തുനിന്നു കടന്നു.
അയൽവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. രാത്രിതന്നെ മറയൂർ എസ്ഐ പി.ടി. ബിജോയി, എസ്ഐ ബജിത് ലാൽ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.
സുരേഷിനായി സമീപപ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിച്ചതിന്റെ പേരിൽ സുരേഷിനെതിരെ നേരത്തെ പോലീസ് കേസെടുത്തിട്ടുണ്ട്.
പിന്നീട് തൃശൂരിലെ ഡീ അഡിക്ഷൻ സെന്ററിൽ ചികിൽസ തേടിയിരുന്നു. സുധയാണ് മരിച്ച രമേശിന്റെ ഭാര്യ.ഇന്നു രാവിലെ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി.
വിരലടയാള വിദഗ്ധരും ഡോഡ് സ്ക്വാഡും എത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും.