മറയൂർ: കനത്ത മഴയിൽ വിളവെടുക്കാറായ തക്കാളി നശിക്കുന്നു. വിപണിയിൽ തക്കാളിയുടെ വരവ് കുറഞ്ഞതോടെ വില ഇരട്ടിയിലധികം വർധിച്ചു. കഴിഞ്ഞ ആഴ്ച 14 കിലോഗ്രാം പെട്ടിക്ക് 250 രൂപയായിരുന്ന വില 550 രൂപയായി ഉയർന്നു. കനത്ത മഴയിൽ വിളവെടുക്കാറായ തക്കാളികൾ വ്യാപകമായി നശിച്ചതോടെയാണ് ക്ഷാമമുണ്ടായിരിക്കുന്നത്.
കേരള അതിർത്തിയിലെ ഉടുമലൈ, പഴനി, പൊള്ളാച്ചി, ഒട്ടം ചത്രം മാർക്കറ്റുകളിൽ തക്കാളി വരവ് കുറഞ്ഞതാണ് വിലവർധനവിനു കാരണം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴമൂലം വിളവെടുത്ത പകുതി തക്കാളിയും കൃഷിയിടത്തിൽ ഉപേക്ഷിക്കേണ്ടിവന്നു.
ഉടുമലൈക്ക് സമീപമുള്ള നിരവധി ഗ്രാമങ്ങളിൽ 30,000 ഏക്കറിലും കൂടുതലായി തക്കാളി കൃഷി ചെയ്യുന്നുണ്ട്. മഴ തുടർന്നാൽ തക്കാളിയുടെ വില ഇനിയും വർധിക്കുമെന്ന് വ്യാപാരികൾ പറയുന്നു.