മറയൂർ: അഴകിന്റെ കേദാരം എന്നറിയപ്പെടുന്ന ചന്ദനമരങ്ങൾ മറയൂരിന്റെ മാത്രം പെരുമ. സഹ്യപർവതത്തിന്റെ കിഴക്കൻ ചെരുവിൽ ശിലായുഗം മുതൽ കുടിയേറ്റ ചരിത്രം വരെയുള്ള ശേഷിപ്പുകൾ പതിഞ്ഞുകിടക്കുന്ന മറയൂർ ഗ്രാമത്തിന്റെ പ്രധാന ആകർഷണം ചന്ദനമരങ്ങളാണ്.
കേരളത്തിന്റെ ഏക സ്വാഭാവിക ചന്ദനവനമായ മറയൂർ കാടുകളിൽ നിന്നും വർഷംതോറും നൂറു കോടിയോളം രൂപയാണ് പൊതുഖജനാവിലേക്ക് എത്തുന്നത്.
ലേലത്തിനുള്ള ചന്ദനം ചെത്തിയൊരുക്കിയിരുന്നതു പതിറ്റാണ്ടുകളായി അഞ്ചുനാട് ഗ്രാമവാസികളും മുതുവ വിഭാഗക്കാരും മലപ്പുലയരുമാണ്. സൂക്ഷ്മതയോടെയും വൈദഗ്ധ്യത്തോടെയുമാണ് ഇവർ മരം ചെത്തിയൊരുക്കുന്നത്.
കാട്ടിൽ നിന്നും പിഴുതെടുക്കുന്ന എത്ര വലിയ മരമാണെങ്കിലും ഒരു മീറ്റർ നീളത്തിലാണ് മുറിക്കുന്നത്. ലേലത്തിനായി മരങ്ങൾ ചെത്തിയൊരുക്കുന്ന പണിപ്പുരയും ചന്ദനം സൂക്ഷിക്കുന്ന ഗോഡൗണും സന്ദർശിക്കാൻ ആരെയും അനുവദിക്കാറില്ല.
ഇരുപതടിയോളം ഉയരത്തിൽ കോട്ടപോലെ നിർമിച്ച് കാവൽക്കാരെയും നിയമിച്ചാണ് കോടികൾ വിലമതിക്കുന്ന ചെത്തിയൊരുക്കിയ ചന്ദനത്തടികൾ സൂക്ഷിക്കുന്നത്.
ചന്ദനക്കാട്ടിൽ നിന്ന് ഒരു തരിപോലും നഷ്ടപ്പെടാതെ മരം പിഴുതെടുക്കാൻ മിടുക്കന്മാർ മലപ്പുലയരാണ്. അഞ്ചുനാട് ഗ്രാമവാസികളുടെ മേൽനോട്ടവും കൂടിയുണ്ടെങ്കിൽ പൂ പറിക്കുന്നതുപോലെ ഇവർ ചന്ദനമരങ്ങൾ പിഴുതെടുക്കും.
മറയൂരിന്റെ വിവിധ ചന്ദനറിസർവുകളിൽ ഉണങ്ങിനിൽക്കുന്നതും കാറ്റിൽ മറിഞ്ഞുവീഴുന്നതും വന്യജീവികൾ കുത്തിമറിച്ചിടുന്നതുമായ മരങ്ങളാണ് വനം വകുപ്പ് സംഭരിച്ചുവരുന്നത്.
ഇത്തരത്തിലുള്ള ചന്ദനമരം മുറിച്ചെടുക്കുന്നതിനു പകരം പിഴുതെടുക്കുകയാണ് രീതി. പിഴുതെടുത്ത മരം കഴിവതും റിസർവിൽ തന്നെ ഒരു മീറ്റർ നീളത്തിൽ മുറിച്ച് തരംതിരിച്ചു മാറ്റും.
മുറിക്കുന്ന സമയത്ത് അതിലെ അറക്കപ്പൊടി നഷ്ടപ്പെടാതിരിക്കാൻ ഇതിനു താഴെ ചാക്ക് വിരിച്ച് അവയും ശേഖരിക്കും. മുറിക്കുന്ന കഷണങ്ങൾക്ക് പ്രത്യേക നന്പർ നൽകി രജിസ്റ്ററിൽ എഴുതിസൂക്ഷിക്കും. മുറിക്കുന്ന കഷണങ്ങൾ മേലുദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ നന്പർ അനുസരിച്ച് നിരത്തി മരം പൂർവസ്ഥിതിയിലാക്കുന്നതിനു വേണ്ടിയാണിത്.
മുറിച്ചെടുത്തവ വനം വകുപ്പ് ജീവനക്കാരുടെ അകന്പടിയോടെ തലച്ചുമടായി റോഡിൽ എത്തിച്ച് അവിടെ നിന്നും വാഹനത്തിൽ കയറ്റി കേരളത്തിലെ ഏക ചന്ദന ഡിപ്പോയായ മറയൂരിലെ പണിപ്പുരയിൽ എത്തിക്കും.
മരത്തിന്റെ തൊലിയും വെള്ളയും ചെത്തുന്നതാണ് ആദ്യ ജോലി. തുടർന്ന് സസൂക്ഷ്മം ചെത്തിമിനുക്കിയെടുക്കും. ചെത്തി മിനുക്കുന്പോൾ ലഭിക്കുന്ന ചീളുകൾക്കു പോലും നല്ല വിലയാണ്.
മരത്തിന്റെ കാതലിന് മാത്രമാണ് മണമുള്ളത്. അതിന്റെ തൊലിക്കോ പുറംതടിക്കോ ചന്ദനത്തിന്റെ സുഗന്ധമില്ല.
ഓരോ കഷണവും ചെത്തിമിനുക്കിയെടുക്കുന്നതിനു മുന്പും ശേഷവും അതിന്റെ തൂക്കം രജിസ്റ്ററിൽ രേഖപ്പെടുത്തും. തുടർന്നു മിനുക്കിയെടുത്ത ചന്ദനത്തിന്റെ വണ്ണവും തൂക്കവും അനുസരിച്ച് തരംതിരിച്ച് ലേലത്തിൽ വിറ്റഴിക്കും. ചന്ദനം 14 ഇനങ്ങളായാണ് തരംതിരിക്കുന്നത്. ഓരോ ഇനത്തിനും പ്രത്യേക വിലയാണ് ലഭിക്കുന്നത്.
മറയൂരിലേത് ലോകത്തിലെ ഒന്നാംകിട ചന്ദനമരമാണെന്നും ഇവിടത്തെ മരങ്ങൾക്ക് എണ്ണയും കാതലും കൂടുതലുണ്ടെന്നും ബംഗളൂരു ആസ്ഥാനമായുള്ള ചന്ദന റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സാക്ഷ്യപത്രം നൽകിയിട്ടുണ്ട്. ചന്ദനമരത്തിന്റെ വേരിൽ നിന്നാണ് എണ്ണ അധികവും ലഭിക്കുന്നത്. മറയൂരിലെ കാലാവസ്ഥ ചന്ദനമരത്തിന് അനുയോജ്യമാണെങ്കിലും അതു നട്ടുപിടിപ്പിച്ചെടുക്കുക ബുദ്ധിമുട്ടാണ്.
കഴിഞ്ഞ ചന്ദന ലേലത്തിൽ ഒരു കിലോയ്ക്ക് ഏറ്റവും കൂടിയ വിലയായി 20,000 രൂപയും ചന്ദനമരത്തിന്റെ ചെത്ത് പൂളിന് കിലോയ്ക്ക് 700 രൂപയുമാണ് ലഭിച്ചത്. കേരളത്തിലെ ഖജനാവിന്റെ മുതൽക്കൂട്ടായ മറയൂരിലെ ചന്ദനമരങ്ങളാണ് തങ്ങൾ ചെത്തിയൊരുക്കുന്നതെന്ന് അറിവില്ലെങ്കിലും ചന്ദനസുഗന്ധം പേറി അവർ ജോലി തുടരുകയാണ്.