ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ?. കാര്യം പഴഞ്ചൊല്ലാണെങ്കിലും ചോദ്യത്തിൽ പതിരുണ്ടെന്നാണ് മറയൂരിൽനിന്നുള്ള വാർത്തകൾ പറയുന്നത്. കാരണം പശുവിനു സ്വന്തമായ തൊഴുത്തിൽ ഒരു ഉശിരൻ ഒറ്റയാൻ സ്വയമങ്ങ് കയറിമേഞ്ഞു. ഞെട്ടിയത് നാട്ടുകാരും.
മൂന്നാർ-മറയൂർ സംസ്ഥാന പാതയിൽ പെരിയവരൈ എസ്റ്റേറ്റിൽനിന്നു നാലു കിലോമീറ്റർ ഉള്ളിലുള്ള പഴയകാട് ഡിവിഷനിലാണു സംഭവം. വളരെ നാളായി ഉപയോഗിക്കാതെകിടന്ന തൊഴുത്തിൽ കുടുങ്ങിയ ആന ശനിയാഴ്ച രാവിലെയാണു തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുന്നത്.
തേയിലത്തോട്ടത്തിൽ പണിക്കുപോകുന്ന തൊഴിലാളികൾ, ലയങ്ങളുടെ സമീപത്തുള്ള തൊഴുത്തിൽ പ്രതീക്ഷിക്കാത്ത രീതിയിൽ അനക്കംകേട്ട് അടുത്തുചെന്ന് നോക്കിയപ്പോൾ ആനയെ കാണുകയായിരുന്നു. തൊഴുത്തിൽ കാലുകൾ കുടുങ്ങിയ നിലയിലായിരുന്നു ആന.
തൊഴിലാളികളെ കണ്ടതോടെ വെപ്രാളപ്പെട്ട് തൊഴുത്തിന്റെ മറുവശത്തെ കരിങ്കൽഭിത്തി തകർത്ത് ആന പുറത്തിറങ്ങി. തൊഴിലാളികൾ പാട്ടകൊട്ടി ശബ്ദമുണ്ടാക്കിയതോടെ സമീപമുള്ള യൂക്കാലി കാട്ടിലേക്ക് ഒറ്റയാൻ മറഞ്ഞു.