പി.സനില്‍കുമാര്‍
അഞ്ചല്‍ : വാച്ചര്‍മാര്‍ അടക്കം വനവുമായി ബന്ധപ്പെട്ട വിവിധ മേഖലകളെ ആശ്രയിച്ചു ജീവിച്ചുവരുന്ന നൂറുകണക്കിന് പേര്‍ക്ക് മാസങ്ങളായി വേതനം ലഭിക്കുന്നില്ലെന്ന് പി.എസ് സുപാല്‍ എംഎല്‍എ നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ഉന്നയിച്ചപ്പോള്‍ മന്ത്രി എ. കെ ശശീന്ദ്രന് മറുപടി പറഞ്ഞത് വനം വകുപ്പില്‍ ഫണ്ട് കുറവാണ് എന്നായിരുന്നു.
എന്നാല്‍ ഈ മറുപടി നല്കിയ മന്ത്രിയുടെ വകുപ്പിന്റെ ഉദാസീനതയും അലംഭാവവും മൂലം കോടികള്‍ വിലമതിക്കുന്ന തടികളാണ് വനത്തിനുള്ളിലും പാതയോരങ്ങളിലും കിടന്ന് നശിക്കുന്നത്.
പ്രകൃതിക്ഷോഭങ്ങളിലും അല്ലാതെയും പിഴുതും ഒടിഞ്ഞും വീണു വനത്തിനുള്ളില്‍ മാത്രം കോടികള്‍ വിലമതിക്കുന്ന ചെറുതുംവലുതുമായ അനവധിയായ മരങ്ങളാണ് ഉള്ളത്.
അഞ്ചല്‍, തെന്മല, കുളത്തുപ്പുഴ വനം റേഞ്ചുകളില്‍ ഇത്തരത്തില്‍ നിരവധി മരങ്ങള്‍ ഉണ്ടെന്നു വനം വകുപ്പിന്റെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ഇതുകൂടാതെ പ്രധാന പാതയോരങ്ങളിലും ഇത്തരത്തില്‍ ധാരാളം മരങ്ങള്‍ വീണും ഒടിഞ്ഞും കിടുപ്പുണ്ട്. പലതും വര്‍ഷങ്ങളും മാസങ്ങളും പഴക്കം ചെന്ന് നാശത്തിലേക്ക് പോവുകയാണ്.
ഇത്തരത്തിലുള്ള തടികള്‍ സമയബന്ധിതമായി ലേലം ചെയ്താല്‍ തന്നെ ഈ പ്രതിസന്ധി കാലത്ത് വനം വകുപ്പിനും സര്‍ക്കാരിനും നല്ലൊരു തുക ലഭിക്കുമെന്നിരിക്കെയാണ് ഇക്കാര്യത്തില്‍ യാതൊരുവിധ നടപടിയും സ്വീകരിക്കാതെ വനം വകുപ്പ് ഉദാസീനത തുടരുന്നത്.
ഇതുസംബന്ധിച്ചു മുമ്പും വനം വകുപ്പിന് നിരവധി പരാതികളും അപേക്ഷകളും പരിസ്ഥിതി സംഘടനകളും വിവിധ തൊഴിലാളി യൂണിയനുകളും നല്‍കിയിട്ടുണ്ട്.
ലക്ഷങ്ങള്‍ വിലമതിക്കുന്ന പലമരങ്ങളും വീണു കാലപ്പഴക്കം ചെന്നുവെന്ന കാരണത്താല്‍ നിസാര വിലക്ക് പിന്നീട് ആളുകള്‍ ലേലത്തില്‍ കൊണ്ടുപോകാറുമുണ്ട്.
പലയിടങ്ങളിലും വീണുകിടക്കുന്ന മരങ്ങള്‍ ആരും ശ്രദ്ധിക്കാതെ വരുമ്പോള്‍ നാട്ടുകാര്‍ കൊണ്ടുപോകും.
ഇത്തരത്തില്‍ ഒരു അവസ്ഥ സംജാതമാകുന്നതിന് മുമ്പ് തന്നെ മരങ്ങള്‍ ലേലത്തിന് നല്‍കുകയോ, വനം വകുപ്പിന്റെ ഡിപ്പോകളിലേക്ക് മാറ്റുകയോ ചെയ്താല്‍ സര്‍ക്കാര്‍ വരുമാനത്തിന് അപ്പുറം പ്രാദേശിക മേഖലയില്‍ നിരവധി ആളുകള്‍ക്ക് തൊഴിലും ലഭിക്കും.
ഇക്കാര്യങ്ങളില്‍ എല്ലാം ഉത്തമ ബോധ്യമുള്ള വനം വകുപ്പാണ് ഇവയൊന്നും കണ്ടില്ലെന്നു നടിച്ചു അലംഭാവം തുടരുന്നത്.
ഇനിയെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടീല്‍ ഉണ്ടാകണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.