പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരി പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയെ (73) സ്വന്തം കടയില്‍ കൊലപ്പെടുത്തി സ്വര്‍ണവും പണവും അപരിഹരിച്ച സംഭവത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ അന്വേഷണസംഘം.
കഴിഞ്ഞ ദിവസങ്ങളില്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തവരില്‍നിന്നു പരസ്പര വിരുദ്ധമായ മൊഴികള്‍ ലഭിച്ചത് പോലീസിനെ കുഴക്കി. നേരത്തെ കസ്റ്റഡിയിലെടുത്തവരില്‍ മൂന്നുപേര്‍ ഇപ്പോഴും നിരീക്ഷണത്തിലുണ്ടെന്നാണ് സൂചന. പത്തനംതിട്ട, മൈലപ്ര ഭാഗങ്ങളില്‍ ഓട്ടോറിക്ഷ ഓടിക്കുന്നയാളും ഇവരിലുണ്ട്.
പ്രദേശവാസികളുടേതുള്പ്പെടെ അമ്പതോളം പേരുടെ മൊഴി ഇതിനോടകം എടുത്തതായി പോലീസ് പറയുന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് കൊലയും കവര്‍ച്ചയും നടന്നത്. ജോര്‍ജിന്റെ കഴുത്തില്‍ കിടന്ന ഒമ്പത് പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നു. കടയില്‍നിന്നു പണവും നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. മോഷണം ലക്ഷ്യമാക്കിയുള്ള കൊലപാതകമാണെന്നു തന്നെയാണ് പോലീസ് നിഗമനവും.
മോഷണശ്രമം തടഞ്ഞ ജോര്‍ജിനെ കെട്ടിയിട്ടും വായില്‍ തുണി തിരുകിയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് സൂചനകള്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. മുമ്പ് കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡില്‍ ഉണ്ടായിരുന്ന ജോര്‍ജുമായി പരിചയമുള്ള പ്രദേശവാസികളായ ചിലര്‍ സംശയനിഴലിലാണ്. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ മേല്‍നേട്ടത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കടയിലെ കാമറ നശിപ്പിച്ചതിനാല്‍ സമീപത്തെ കാമറ ദൃശ്യങ്ങളും ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ അഞ്ചുവരെ കടയുടെ മുമ്പിലൂടെ സര്‍വീസ് നടത്തിയ ബസുകളില്‍ ഘടിപ്പിച്ചിട്ടുള്ള കാമറ ദൃശ്യങ്ങളും പരിശോധിച്ചാണ് പോലീസിന്റെ അന്വേഷണം നീളുന്നത്. മൈലപ്ര പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ പുതുവേലില്‍ സ്റ്റോഴ്സ് എന്ന വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു ജോര്‍ജ് ഉണ്ണൂണ്ണി.
ജോര്‍ജിന്റെ സംസ്കാരം നാളെ മൂന്നിന് മൈലപ്ര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പളളിയില്‍ നടക്കും. പത്തനംതിട്ടയില്‍ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ടോടെ വീട്ടിലെത്തിക്കും.