കായംകുളം : നവകേരള സദസിനോടനുബന്ധിച്ച് മുഖ്യമന്ത്രിയും മറ്റും പോകുന്നതു കാണാൻ കടയുടെ മുന്നിൽ നിന്ന വ്യാപാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ റിമാൻഡിൽ.
കായംകുളം പത്തിയൂർ എരുവ ഒറകാരിശ്ശേരിൽ വീട്ടിൽ അബ്ദുൾ വഹാബിനെ മുൻവൈരാഗ്യം മൂലം ഇരുമ്പ് കമ്പിയും ചുറ്റികയും ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ് റിമാൻഡിലായത്.
കായംകുളം പത്തിയൂർ എരുവ പടിഞ്ഞാറ് അശ്വതി ഭവനത്തിൽ ഉണ്ണികൃഷ്ണൻ ( 27), പത്തിയൂർ എരുവ പടിഞ്ഞാറ് കൃഷ്ണാലയം വീട്ടിൽ വിഷ്ണു (26), പത്തിയൂർ എരുവ പടിഞ്ഞാറ് മുറിയിൽ ചേനാത്ത് വടക്കതിൽ ജിതിൻ (22) എന്നിവരെയാണ് ഇന്നലെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കായംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു പിടികൂടാൻ കഴിഞ്ഞത്. ഈ കേസിൽ അന്തപ്പൻ എന്ന് വിളിക്കുന്ന അരുൺ ഉൾപ്പെടെയുള്ള പ്രതികളെ പിടികൂടാനുണ്ടന്ന് പോലീസ് പറഞ്ഞു.
കായംകുളം സി. ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ. ഉദയകുമാർ, പോലീസ് ഉദ്യോഗസ്ഥരായ ദീപക്, ഷാജഹാൻ, പ്രദീപ്, ഫിറോസ് അരുൺ, സബീഷ്, അരുൺ കൃഷ്ണൻ, വിവേക്, ശ്രീരാജ്, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.