മാര്‍ക്കോ നൂറു കോടി ക്ലബ്ബില്‍ ഇടം പിടിച്ചതില്‍ സന്തോഷം പങ്കിട്ട് നടന് ഉണ്ണി മുകുന്ദന്. കഴിഞ്ഞ കുറച്ച് വര്‍ഷമായി ഫാമിലി സിനിമകള്‍ മാത്രമാണ് ചെയ്തിരുന്നതെന്നും അതിനൊരു ചെയ്ഞ്ച് ആയിരുന്നു മാര്‍ക്കോ എന്നും ഉണ്ണി മുകുന്ദന് പറയുന്നു.
ഒരുപാട് സന്തോഷം. ഒരുപാട് എഫേർട്ട് എടുത്ത് ചെയ്ത സിനിമയാണ് മാർക്കോ. കഴിഞ്ഞ അഞ്ചാറ് വർഷങ്ങളായിട്ട് ആക്ഷൻ സിനിമകൾ വിട്ടു ഫാമിലി സിനിമകൾ ചെയ്ത് മുന്നോട്ട് പോകുകയായിരുന്നു. മാളികപ്പുറത്തിന്റെ സമയത്താണ് മാർക്കോയെ കുറിച്ച് ഹനീഫ് പറയുന്നത്. പിന്നീടത് മുന്നോട്ട് പോയി. നമ്മൾ ആഗ്രഹിച്ചത് പോലെ സിനിമ എടുക്കാൻ പറ്റി.
മാർക്കോ ഹിറ്റടിക്കുമെന്ന് ഉറപ്പായിരുന്നു. മലയാളത്തിൽ ഇതുവരെ നടന്മാർ ചെയ്യാത്ത ആക്ഷൻസ് ചെയ്യാൻ ഞാൻ റെഡി ആയിരുന്നു. പിന്നെ മിനിമം ഗ്യാരന്റി കഥയും ഉണ്ട്. അതുകൊണ്ട് ഹിറ്റടിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ഇത്രയും വലിയ ഹിറ്റാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഒരു ദിവസം മലയാളത്തേക്കാൾ കൂടുതൽ കളക്ഷൻ ഹിന്ദിയിൽ നിന്നും നമുക്ക് കിട്ടി- ഉണ്ണി മുകുന്ദന് പറഞ്ഞു.
മാര്‍ക്കോയുടെ ഭാവിയെ കുറിച്ചുള്ള ചോദ്യത്തിന് മാർക്കോ 2 ഉണ്ടാവും. ചിലപ്പോൾ മൂന്നുണ്ടാവും. എന്റെ മനസു പറയുന്നു മാർക്കോ നാലും ഉണ്ടാവും. അതുവരെ നമ്മൾ പോകും. ബാക്കി നമ്മുടെ ആരോഗ്യം പോലെ എന്നാണ് ഉണ്ണി മുകുന്ദന് നല്കിയ മറുപടി. കഴിഞ്ഞ ഡിസംബര്‍ 20ന് റിലീസ് ചെയ്ത ചിത്രമാണ് മാര്‍ക്കോ. ബോളിവുഡില്‍ അടക്കം ഗംഭീര പ്രകടനം കാഴ്ചവച്ച ചിത്രം കഴിഞ്ഞ ദിവസമാണ് 100 കോടി ക്ലബ്ബിലെത്തിയത്.