കണ്ണൂർ: എക്സൈസിന് വിവരങ്ങൾ ചോർത്തികൊടുത്തെന്നാരോപിച്ച് അക്ഷയിയുടെ സുഹൃത്തിനേയും മയക്കുമരുന്ന് സംഘം മർദ്ദിച്ചതായി പരാതി. പെരളശേരി കോട്ടത്തെ കെ. മിഥുൻ (24) നാണ് മർദ്ദനമേറ്റത്.
എക്സൈസുമായി സംസാരിച്ചതിനും അക്ഷയിയുടെ കൂടെ നടന്ന് എക്സൈസിന് വിവരങ്ങൾ ചോർത്തി കൊടുത്തുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.
അക്ഷയെ മർദ്ദിച്ച ഞായറാഴ്ച തന്നെയായിരുന്നു മിഥുനെയും മർദ്ദിച്ചത്. അക്ഷയിയെ മർദ്ദിച്ച ശേഷം രാത്രി 10.30 തോടെ മിഥുനെ മുഖ്യപ്രതിയായ സുഗേഷ് പിടിച്ചുകൊണ്ട് പോയി പുലർച്ചെ മൂന്നരവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
പുല്ലുപ്പി പാലത്തിന് സമീപത്തുവെച്ചായിരുന്നു മർദ്ദനം. അക്ഷയിയുടെ കൂടെ നടന്നതിനും എക്സൈസിനോട് ധൈര്യത്തിൽ നിന്ന് സംസാരിച്ചുവെന്ന് പറഞ്ഞായിരുന്നു മർദ്ദനം.
അതേസമയം മുഖ്യപ്രതി സുഗേഷും രണ്ടാം പ്രതി ജിതിൻ റാം എന്നിവർ ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.
സംഘം എത്തിയത് ഗുണ്ടാസ്റ്റൈലിൽ
രാത്രി 10.30തോടെ വീട്ടിലേക്ക് പോകുകയായിരുന്ന മിഥുന്റെ വാഹനത്തിന് കുറുകെ സുഗേഷ് തന്റെ വാഹനം കൊണ്ടുപോയി ഇടുകയായിരുന്നു.
തുടർന്ന് മിഥുന്റെ വാഹനത്തിൽ തന്നെ പുല്ലുപ്പി പാലത്തിന് സമീപത്തെ അധികമാരും ശ്രദ്ധിക്കാത്ത സ്ഥലത്ത് മിഥുനെ കൊണ്ടുപോകുകയും മർദ്ദിക്കുയായിരുന്നു.
കാറിൽ സ്വരാജ് പട്ടികപോലുള്ള സാധനങ്ങൾ കൊണ്ട് പുറകെ എത്തിയിരുന്നതായി മിഥുൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
‘എക്സൈസിനോട് നീ ധൈര്യത്തിൽ നിന്ന് സംസാരിച്ചുവല്ലേടാ’എന്ന് ചോദിച്ചായിരുന്നു മർദ്ദനമെന്ന് മിഥുൻ പറഞ്ഞു.
പനങ്കാവിലുള്ള മിഥുന്റെ അമ്മയുടെ സഹോദരിയുടെ വീട്ടിൽ എത്തിയപ്പോൾ അവിടെയെത്തിയ എക്സൈസ് സംഘം മിഥുനോട് എന്താ ഇവിടെയെന്ന് ചോദിച്ച് സംസാരിച്ചിരുന്നു.
ഇത് പ്രതികളിലൊരാൾ കാണുകയും ചെയ്തു. തുടർന്ന് അക്ഷയെ മർദ്ദിച്ചതിന് ശേഷം ഞായറാഴ്ച രാത്രിയോടെ മിഥുനെ മർദ്ദിക്കുകയായിരുന്നു.
വടികൊണ്ട് രണ്ട് കാലും അടിച്ച് പൊട്ടിക്കുകയും തുടർന്ന് വെള്ളത്തിൽ തലമുക്കിപിടിച്ച് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു.
പിന്നീട് മിഥുനെ അവിടെ ഉപേക്ഷിച്ച് പ്രതികൾ പോയി. മിഥുന്റെ ഫോണും പ്രതികൾ കൈക്കലാക്കി.
രക്ഷപെടാൻ സ്വന്തം വണ്ടിയെടുത്ത് സമീപത്തുള്ള സുഹൃത്തിന്റെ വിട്ടിലെത്തുകയും അവിടെനിന്ന് സുഹൃത്തിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് പോകുകയുമായിരുന്നെന്ന് മിഥുൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.