കൊച്ചി/കോലഞ്ചേരി: സ്വന്തം പിതാവിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുഞ്ഞിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി.
മരുന്നുകളേട് പ്രതികരിക്കുന്നുണ്ടെന്നും ഇത് പ്രതീക്ഷയ്ക്കു വക നല്‍കുന്നതായും കോലഞ്ചേരി സ്വകാര്യ മെഡിക്കല്‍ കോളജ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ന്യൂറോ ഐസിയുവില്‍ കഴിയുന്ന കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
ബര്‍ഹോള്‍ ആന്‍ഡ് എസ്ഡിഎച്ച് ഇവാക്കുവേഷന് എന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയയ്ക്കാണു കുട്ടിയെ വിധേയമാക്കിയത്. തലച്ചോറിനകത്ത് കെട്ടിക്കിടക്കുന്ന രക്തസ്രവം പുറത്തു കളയുന്ന രീതിയാണിത്. രാവിലെ ഒന്‍പതോടെയാണു ശസ്ത്രക്രിയ ആരംഭിച്ചത്.
കുട്ടിയുടെ ജീവന് നിലനിര്‍ത്തുവാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുള്ളതായി മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗം അറിയിച്ചു. ഇനിയുള്ള മണിക്കൂറുകള്‍ കുഞ്ഞ് നിരീക്ഷണത്തില്‍ കഴിയുമെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും ന്യൂറോ സര്‍ജനുമായ ഡോ. ജെയ്നിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കുട്ടിയുടെ തലയ്ക്കേറ്റ മര്‍ദനത്തില്‍ ആന്തരിക രക്തസ്രാവം ഉണ്ടായതിനാല്‍ കുട്ടിയുടെ പ്രതികരണങ്ങള്‍ സാധാരണഗതിയിലായിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം.
ജനിച്ചതു പെണ്‍കുഞ്ഞായതിന്റെ പേരിലാണു 54 ദിവസം മാത്രം പ്രായമുള്ള മകളെ തലയ്ക്കടിച്ചും കട്ടിലിലേക്കു വലിച്ചെറിഞ്ഞും കൊലപ്പെടുത്താന്‍ പിതാവ് ശ്രമിച്ചത്. സംഭവത്തില്‍ അങ്കമാലി ജോസ്പുരം ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ഷൈജു തോമസ് (40) ആണ് ഈ ക്രരൂകൃത്യം നടത്തിയത്.
ഇയാള്‍ പോലീസ് പിടിയിലായിരുന്നു. കുട്ടി തന്റേതല്ലെന്ന സംശയവും ഇയാളെ ഈ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചെന്നാണു പോലീസ് പറയുന്നത്.