കൊയിലാണ്ടി: നിക്കാഹിനെത്തിയ വരനെയും സംഘത്തിനെയും കാര്‍ വധുവിന്റെ അമ്മാവനടക്കമുളള ബന്ധുക്കള്‍ ഗുണ്ടകളുമായെത്തി തടഞ്ഞുനിര്‍ത്തി മാരകായുധങ്ങളുമായിആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ പ്രതികൾ ഒളിവിൽ .
ആറ് പേരാണ് ആക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇതില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ടെന്നും കൊയിലാണ്ടി സിഐ കെ.സി.സുഭാഷ് ബാബു പറഞ്ഞു.
കീഴരിയൂര്‍ തെക്കുംമുറിയിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു് സംഭവം. നടേരി മഞ്ഞളാട്ട് കുന്നുമ്മല്‍ കിടഞ്ഞിയില്‍ മീത്തല്‍ കുഞ്ഞിമുഹമ്മദിന്റെ മകന് മുഹമ്മദ് സാലിഹി(29)ന്റെ നിക്കാഹിനോടനുബന്ധിച്ചായിരുന്നു ആക്രമം ഉണ്ടായത് .
മുഹമ്മദ് സാലിഹിന്റെത് പ്രണയ വിവാഹമായിരുന്നു. രണ്ട് മാസം മുമ്പ് കീഴരിയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി മുഹമ്മദ് സാലിഹിന്റെ രജിസ്റ്റര്‍ വിവാഹം നടന്നിരുന്നു.
തുടര്‍ന്ന് ബന്ധുക്കളുടെ സമ്മതപ്രകാരം മതാചാര പ്രകാരമുളള നിക്കാഹ് നടത്തുന്നതിനാണ് വരനും സംഘവും കീഴരിയൂരിലെത്തിയത്. സമീപത്തെ മദ്രസയില്‍ നിക്കാഹ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.
വരനും സംഘവും സഞ്ചരിച്ച വാഹനം തെക്കുംമുറിയിഭാഗത്തെത്തിയപ്പോള് ആറംഗ സംഘം ഇവരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.
വടിവാള്‍ ഉരുമ്പ് വടി ഉപയോഗിച്ച് കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും പിന്നീട് മുഹമ്മദ് സാലിഹിനെ ആക്രമിക്കാനും ശ്രമമുണ്ടായി. കാര്‍ അതിവേഗം ഓടിച്ചുപോയതിനാലാണ് കൂടുതല്‍ ആക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അക്രമത്തില്‍ മുഹമ്മദ് സാലിഹിനും, സുഹൃത്തുക്കളായ മുഹമ്മദ് ഷാഫി(29),ഷബീര്‍(28) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
നേരത്തെയും മുഹമ്മദ് സാലിഹിന് നേരെ ആക്രമണം നടന്നിരുന്നു. പെണ്‍കുട്ടി സാലിഹിന്റെ വീട്ടിലെത്തിയപ്പോള്‍ ,കുട്ടിയുടെ ബന്ധുക്കള്‍ വീടാക്രമിച്ച് പെണ്‍കുട്ടിയെ കടത്തി കൊണ്ടു പോയിരുന്നു.
തുടര്‍ന്ന് വീണ്ടും പെണ്‍കുട്ടി വരന്റെ വീട്ടിലെത്തി താമസമാക്കുകയായിരുന്നു. പിന്നീട് ഇരു വിഭാഗത്തിന്റെയും ബന്ധുക്കള്‍ പരസ്പരം സംസാരിച്ച് മതാചാര പ്രകാരം വിവാഹം നടത്തി കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ കുട്ടിയുടെ അമ്മാവന്മാര്ക്ക് ഈ വിവാഹത്തിന് താൽപര്യമില്ലായിരുന്നു. ഇതാണ് ആക്രമത്തിന് കാരണമായി പറയുന്നത്.