മരട്: ദേശീയപാതയിൽ കുമ്പളം ടോൾ പ്ലാസയിലെ ജീവനക്കാർ, യാത്രക്കാരോട് ഗുണ്ടകളെപ്പോലെ പെരുമാറുന്നതായി ആക്ഷേപം. ജീവനക്കാരുടെ മോശമായ പെരുമാറ്റം മൂലം സംഘർഷവും വാക്കുതർക്കങ്ങളും ഇവിടെ പതിവായതായി നാട്ടുകാർ പറയുന്നു.
വ്യാഴാഴ്ച ഇതുവഴി കടന്നുപോയ സംസ്ഥാന ലോംഗ്ജംപ് താരവും ടോൾ ജീവനക്കാരുടെ ഗുണ്ടായിസത്തിനിരയായി. ടോൾ പ്ലാസ വഴി കാറിൽ കുടുംബസമേതം അരൂരിലേക്ക് സഞ്ചരിച്ച പനങ്ങാട് പോർട്ട് കോളനിയിൽ താമസിക്കുന്ന അനൂപ് തോമസിനാണ് മർദ്ദനമേറ്റത്. അനൂപ് അരൂർ ഭാഗത്തേക്ക് പോയ സമയത്ത് കുമ്പളം പഞ്ചായത്ത് നിവാസികൾക്ക് നൽകിയിട്ടുള്ള പാസ് കാണിച്ചശേഷമാണ് പോയത്.
എന്നാൽ തിരികെ വരുന്ന സമയത്ത് ടിക്കറ്റ് കൗണ്ടറിനടുത്തെത്തിയപ്പോൾ കാറിന്റെ ചില്ല് താഴ്ത്തി പാസ് കാണിച്ചെങ്കിലും ഇതൊന്നും ഇവിടെ അനുവദിച്ചിട്ടില്ലെന്നു പറഞ്ഞ് കാറിനകത്തേക്ക് കൈയ്യിട്ട് ഒരു ജീവനക്കാരൻ ആക്രോശിച്ചു കരണത്തടിക്കുകയായിരുന്നുവത്രെ. കൂടെ ഭാര്യയും കുട്ടിയുമുള്ളതിനാലും ടോൾ ജീവനക്കാർ ഒട്ടനവധി ഉള്ളതിനാലും താൻ ചോദ്യം ചെയ്യാതെ തിരികെ പോരുകയായിരുന്നു എന്നാണ് അനൂപ് പറഞ്ഞത്.
സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇൻസ്പെക്ടായി ജോലി ചെയ്യുന്ന അനൂപിന് ബംഗളൂരുവിലുള്ള ജോലിസ്ഥലത്തേക്ക് പോകേണ്ടിയിരുന്നതിനാൽ പരാതിയും നൽകിയില്ല.
എന്നാൽ അനൂപ് പരാതി നൽകുമെന്ന് കണ്ട് മർദ്ദനത്തിന് നേതൃത്വം നൽകിയ രഞ്ചിത്ത് എന്ന ജീവനക്കാരൻ സംഭവം നടന്നയുടനെ അനൂപ് മർദ്ദിച്ചു എന്ന് പറഞ്ഞ് പനങ്ങാട് പോലീസിന് പരാതി നൽകിയെന്നും നാട്ടു കാർ പറയുന്നു. പരാതി പ്രകാരം അനൂപിനെ എസ്ഐ വിളിപ്പിച്ചപ്പോൾ തന്നെ മർദിക്കുകയും ആക്ഷേപി ക്കുക യും ചെയ്ത വിവരം പോലീസിനെ അറിയിച്ചു.
തുടർന്ന് അനൂപിന്റെ പരാതി പ്രകാരം രഞ്ചിത്തിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് ചെയ്തു വിട്ടയയ്ക്കുകയായിരുന്നു. അടുത്തനാളിൽ ടിക്കറ്റെടുക്കാൻ വൈകിയെന്ന് പറഞ്ഞ് കുമ്പളം സ്വദേശിയുടെ വാഹനത്തിന്റെ ചില്ല് തകർക്കുകയും മർദ്ദിക്കുകയും ചെയ്ത സംഭവവും ഉണ്ടായിരുന്നു. കുമ്പളം നിവാസികൾക്ക് സൗജന്യ പാസ് അനുവദിച്ചിട്ടുണ്ടെങ്കിലും ടോൾ ജീവനക്കാർ ഇത് അംഗീകരിക്കാത്തതാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്.