കായംകുളം: അയൽവാസികൾ തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ദളിത് യുവതിയെ ആക്രമിച്ച സംഭവത്തിൽ പോലീസ് എസ്സി എസ്റ്റി ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
ശരീരത്ത് ചൂടുവെള്ളം ഒഴിച്ച് പൊള്ളിക്കുകയും പിന്നീട് കമ്പിവടിക്ക് കൈ തല്ലി ഒടിക്കുകയും ചെയ്തതായാണ് യുവതിയുടെ പരാതി.
വീട്ടിലെ വളർത്തുനായയെ ചങ്ങലയോടെ തൂക്കിയെടുത്ത് അടിച്ചുകൊന്നതായും പരാതിയുണ്ട്.
കായംകുളം കൃഷ്ണപുരം പുള്ളികണക്ക്, കറുകത്തറയിൽ സരിതയാണ് (23) ആക്രമണത്തിനിരയായത്. കഴിഞ്ഞ 16നായിരുന്നു സംഭവം. ഒരാഴ്ചയായി സരിത സ്ഥലത്തില്ലായിരുന്നു.
ഇവർ വീട്ടിലെത്തിയപ്പോൾ വീടിന്റെ കതക് പൊളിച്ച് അകത്തു കയറിയ ചിലർ സാധനങ്ങൾ കവർന്നതായും ഇതേ ചൊല്ലി അയൽവാസിയുമായുണ്ടായ നിസാര തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമായത് എന്നുമാണ് പറയപ്പെടുന്നത്.
തർക്കത്തിനിടെ അയൽപ്പക്കക്കാർ സരിതയുടെ ദേഹത്തേക്ക് തിളപ്പിച്ച വെള്ളം ഒഴിപ്പിച്ച് പൊള്ളലേൽപ്പിച്ചിരുന്നു. ഇതിന് കായംകളം ഗവ:താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയ ശേഷം പോലീസിൽ പരാതിയും നൽകി.
തുടർന്ന് വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് ബൈക്കിലെത്തിയ സംഘം തന്നെ ആക്രമിച്ചതെന്ന് സരിത പരാതിയിൽ പറയുന്നു. വീട്ടിലേക്ക് ഓടി കയറിയപ്പോൾ കതക് തകർത്ത് അകത്ത് കയറിയും ആക്രമിച്ചതായും കമ്പിവടിക്കുള്ള അടിയേറ്റ് കൈക്ക് രണ്ടിടത്ത് പൊട്ടലുണ്ടായെന്നും സരിത പറഞ്ഞു.
പോലീസാണ് ഇവരെ ആശുപത്രിയിൽ പോകാൻ സഹായിച്ചത്. അയൽവാസികളായ മൂന്നുപേർക്കെതിരെ കേസെടുത്താണ് അന്വേഷണം നടത്തിവരുന്നതെന്ന് കായംകുളം സി ഐ പറഞ്ഞു.