കോട്ടയം: യുവാവിനെ പതിയിരുന്നാക്രമിച്ച സംഭവത്തിനു പിന്നിൽ കഞ്ചാവ് സംഘത്തിന്റെ മുൻ വൈരാഗ്യം. പോലീസ് പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു.
ഡിവൈഎഫ്ഐ നേതാവായ മാങ്ങാനം ചെന്പകശേരിയിൽ അരുണ്‍ സി. അപ്പുവി(27)നെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിലാണ് അറസ്റ്റ് നടന്നത്.
മാങ്ങാനം ചെമ്മരംപള്ളി സ്വദേശികളായ പരുപ്പറന്പിൽ ബിനോയി മാത്യു (26), പരുപ്പറന്പിൽ എബിൻ മാത്യു (22), പുളിമൂട്ടിൽ ബിബിൻ ബൈജു (22), കുന്നേൽപ്പറന്പിൽ കെ.എസ്. ഷാരോണ്‍ (26) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
പരിക്കേറ്റ അരുണ്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞ 20 നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ പ്രതികൾ മാങ്ങാനം പ്രദേശം കേന്ദ്രീകരിച്ചു കഞ്ചാവ് കച്ചവടം ചെയ്തിരുന്നു.
അരുണിന്റെ നേതൃത്വത്തിലുള്ള യുവാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രദേശത്ത് റെയിഡ് നടത്തുകയും കേസിലെ പ്രതികളെ കഞ്ചാവുമായി പിടികൂടുകയും ചെയ്തു.
ഇതിനു പിന്നാലെ ജാമ്യത്തിലിറങ്ങിയ പ്രതികൾ തങ്ങളെ ജയിലിലാക്കിയ അരുണിനെ ആക്രമിക്കുകയായിരുന്നു. അരുണും സുഹൃത്തും ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിൽ മൂന്നംഗ സംഘം ബൈക്ക് തടഞ്ഞു നിർത്തിയാണ് ആക്രമിച്ചത്.
ഹെൽമറ്റും കൈയും ഉപയോഗിച്ച് തടയുന്നതിനിടെ അരുണിന്റെ കൈയ്ക്കു വെട്ടേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു. ബഹളം കേട്ട നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമി സംഘം ഓടി രക്ഷപ്പെടുകയും ചെയ്തു.
പ്രതികൾ ചങ്ങനാശേരി ഭാഗത്തെ രഹസ്യ സങ്കേതത്തിൽ ഒളിവിൽ കഴിയുന്നതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതേത്തുടർന്നു ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് തിരച്ചിൽ നടത്തി. ഇവർ ഒളിവിൽ കഴിഞ്ഞിരുന്ന രഹസ്യ സങ്കേതത്തിലെത്തി ഈസ്റ്റ് എസ്ഐ രഞ്ജിത് കെ. വിശ്വനാഥൻ, എസ്ഐമാരായ ഷിബുക്കുട്ടൻ, ശ്രീരംഗൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.